പത്തനംതിട്ട: ശബരിമല സന്നിധാനത്ത് രണ്ട് യുവതികൾ ദർശനം നടത്തിയതിനെ തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ രൂക്ഷവിമർശനവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ രംഗത്ത്. നടയടച്ച തന്ത്രി 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് പദ്മകുമാർ ആവശ്യപ്പെട്ടു.
തന്ത്രി നടയടച്ച സംഭവം സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് പദ്മകുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിഷണർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഭരണഘടന സ്ഥാപനമായ സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെന്നും അക്കാര്യത്തിൽ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും പദ്മകുമാർ വ്യക്തമാക്കി.