ഭോപ്പാൽ: ട്രാക്ടറിടിച്ച് പശു ചത്തതിൽ പ്രകോപിതരായി കർഷകനും കുടുംബത്തിനും പഞ്ചായത്ത് ഉൗരുവിലക്ക് കൽപ്പിച്ചു. മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ പ്രജാപതി എന്ന കർഷകനാണ് വിലക്ക് ലഭിച്ചത്. പ്രജാപതിയേയും കുടുംബത്തേയും ഗ്രാമത്തിൽ പ്രവേശിപ്പിക്കണമെങ്കിൽ കുടുംബാംഗങ്ങൾ എല്ലാവരും ഗംഗയിൽ പോയി കുളിക്കണം. കൂട്ട സദ്യ നടത്തണം. ഒരു പശുവിനെ ദാനമായി നൽകണം എന്നിങ്ങനെയുള്ള നിബന്ധനകളാണ് പഞ്ചായത്ത് മുന്നോട്ടുവച്ചത്.
ട്രാക്ടർ പാർക്കുചെയ്യുന്നതിനിടെ പുറകിൽ നിന്ന പശുവിന്റെ ശരീരത്തിൽ അബദ്ധത്തിൽ തട്ടുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ പശു ചത്തു. ഇതോടെ ഗോഹത്യ നടത്തിയെന്നാരോപിച്ച് ഗ്രാമത്തിലെ ചിലർ രംഗത്തെത്തി. തുടർന്നാണ് വിലക്ക് കൽപ്പിച്ചത്. പ്രജാപതിയും കുടുംബവും നാട്ടിൽ തിരിച്ചെത്തുന്നതിനായി ഗംഗയിൽ കുളിക്കാനായി കുടുംബത്തോടൊപ്പം പോയിരിക്കുകയാണ്.എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നാണ് സബ് കളക്ടർ രാജേന്ദ്ര പറയുന്നത്.