ലിസ്ബൺ: പോർച്ചുഗലിലെ പെസ്റ്റാന സി.ആർ 7 ഹോട്ടലിനുമുന്നിലെ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പടുകൂറ്റൻ പ്രതിമയോട് വിനോദ സഞ്ചാരികൾക്ക് വലിയ താത്പര്യമാണ്. പ്രത്യേകിച്ച് യുവതികൾക്ക്. പ്രതിമയിൽ പിടിച്ചുനിന്ന് ഫോട്ടോയെടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യാനാണ് കൂടുതൽ പേർക്കും ഇഷ്ടം.
ചിത്രമെടുക്കാൻ നിത്യവും നിരവധിപേർ എത്തുന്നുണ്ട്. ഇതിൽ കൂടുതൽപേരും ക്രിസ്റ്റ്യാനോയുടെ ആരാധകരാണ്. താരത്തിനോടൊപ്പം ഇത്തരത്തിൽ ഫോട്ടോയ്ക്ക് പോസുചെയ്യാനാവില്ല. എങ്കിൽപ്പിന്നെ പ്രതിമയോടൊപ്പമെങ്കിലുമാവട്ടെ എന്നാണ് അവരുടെ നിലപാട്. പെസ്റ്റാന സി.ആർ 7 ഹോട്ടൽ നടത്തിപ്പിൽ ക്രിസ്റ്റ്യാനോ നേരത്തേ പങ്കാളിയായിരുന്നു. 2014ലാണ് പ്രതിമ സ്ഥാപിച്ചത്. അന്നൊന്നും പ്രതിമയോട് ഇത്തരമൊരു ആകർഷണം ആർക്കും തോന്നിയില്ല.
അടുത്തിടെയാണ് ചിലർ ഫോട്ടോയെടുത്ത് നെറ്റിലിട്ടത്. അതുകണ്ടതോടെയാണ് മറ്റുള്ളവർക്കും ആവേശം കയറിയത്. ചിത്രമെടുപ്പ് കൂടിയതോടെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തി. അശ്ലീല ലക്ഷ്യത്തോടെയുള്ള ഫോട്ടോയെടുപ്പ് പൂർണമായും നിരുത്സാഹപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.പ്രതിമതന്നെ ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നവരും ഇല്ലാതില്ല.