ലണ്ടൻ: എന്തുസംഭവിച്ചാലും ഇൗ ജന്മം അടിവസ്ത്രം ധരിക്കില്ല- ലണ്ടൻ സ്വദേശിനിയായ മുപ്പത്തിനാലുകാരി മിഷേൽ കോർട്ടിന്റെ ഉറച്ച തീരുമാനമാണിത്. ബ്രാ ധരിക്കാതെ ഒാഫീസിലെത്തിയതിന് നേരത്തേ മിഷേലിന്റെ ജോലിയും നഷ്ടമായിരുന്നു. ഒടുവിൽ നിയമനടപടികളിലൂടെയാണ് അനുകൂല വിധി നേടിയത്.
അടിവസ്ത്രം ധരിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് നേട്ടമൊന്നുമില്ലെന്നാണ് മിഷേലിന്റെ പക്ഷം. ആരോഗ്യപരമായ കാരണങ്ങളാൽ ബ്രാ ഉപേക്ഷിക്കണമെന്ന് ഡോക്ടർമാരും നിർദ്ദേശിച്ചു. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ബ്രാ ധരിക്കാതെ ഒാഫീസിലെത്തിയത്. പക്ഷേ, മേലധികാരികൾക്ക് അക്കാര്യം ബോധ്യമായില്ല. അങ്ങനെയാണ് പുറത്തായത്.
അടിവസ്ത്രങ്ങൾ ധരിക്കുന്നത് ഒാരോരുത്തരുടെയും ഇഷ്ടമാണെന്നും ഇക്കാര്യത്തിൽ ആരും നിർബന്ധിക്കേണ്ടെന്നുമാണ് മിഷേൽ പറയുന്നത്. ധരിക്കാത്തവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും അതിന് തക്കതായ തെളിവുകളില്ലെന്നും ഇതൊക്കെ അടിവസ്ത്രനിർമ്മാണ കമ്പനികളുടെ വിപണന തന്ത്രം മാത്രമാണെന്നും അവർ പറയുന്നു. അടിവസ്ത്രങ്ങൾ ധരിക്കാത്തത് സ്ത്രീ സൗന്ദര്യത്തെ തകർക്കുമെന്ന വിശ്വാസത്തെയും മിഷേൽ എതിർക്കുന്നുണ്ട്. അടിവസ്ത്ര വിരുദ്ധ പ്രചാരണം തുടരാനാണ് അവരുടെ തീരുമാനം. പക്ഷേ, ഇതിന് കൂടുതൽ പിന്തുണയില്ലെന്നതാണ് പ്രശ്നം.
അടിവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ സ്ത്രീകളെ ജോലിസ്ഥലത്തുനിന്നും മറ്റും പുറത്താക്കുന്ന നടപടി തുടരുകയാണ്. കഴിഞ്ഞവർഷത്തിന്റെ തുടക്കത്തിൽ ബ്രാ ധരിക്കാതെ ജോലിക്കെത്തിയെന്നാരോപിച്ച് കാനഡയിലെ ഗോൾഫ് ക്ളബിലെ റസ്റ്റോറന്റിൽ ജോലിക്കെത്തിയ യുവതിയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. കസ്റ്റമേഴ്സിന് അരോചകമുണ്ടാക്കുന്നു എന്നാരോപിച്ചായിരുന്നു ഇത്. അടുത്തിടെ ബ്രാ ധരിക്കാതെ സ്കൂളിലെത്തിയതിന് പെൺകുട്ടിക്കെതിരെ കെന്റിലെ സ്കൂൾ അധികൃതർ നടപടി എടുത്തിരുന്നു.