കാൻബെറ: ഭക്ഷ്യശൃഖലയിൽ തവളയുടെ വില്ലനായി പാമ്പിനെ ചിത്രീകരിച്ചാണ് നമുക്ക് പരിചയം. അതുകൊണ്ടാണ് പെരുമ്പാമ്പിന്റെ മുകളിൽ കയറിയിരുന്ന് സവാരി നടത്തുന്ന തവളയുടെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ കുനനൂറയിലെ ഒരു ഫാമിൽ നിന്നുള്ളതാണ് ഈ അപൂർവദൃശ്യങ്ങൾ.
ഫാം ഉടമയായ പോൾ മോക്ക് ആണ് ഈ ദൃശ്യങ്ങൾ നേരിൽ കണ്ടതും പകർത്തിയതും. കനത്ത മഴയിൽ പ്രദേശമാകെ വെള്ളം നിറഞ്ഞിരുന്നു. മഴയിൽ മാളങ്ങളിലെല്ലാം വെള്ളം നിറഞ്ഞതോടെ ഉയർന്ന പ്രദേശങ്ങൾ തേടിയുള്ള പരക്കം പാച്ചിലിലായിരുന്നു തവളക്കൂട്ടം. ഇങ്ങനെ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയിലാണ് ഒരുകൂട്ടം തവളകൾ പെരുമ്പാമ്പിന്റെ പുറത്തു ചാടിക്കയറിയത്. കെയിൻ തവളകളാണ് ഫാമിന്റെ പരിസരത്ത് മിക്കവാറും കാണാറുള്ള മോണ്ടി എന്ന ഒലിവ് വിഭാഗത്തിൽ പെട്ട പെരുമ്പാമ്പിന്റെ പുറത്ത് കയറി സഞ്ചാരം നടത്തിയത്. അതീവ വിഷമുള്ളവയാണ് ഈ തവളകൾ. അതുകൊണ്ടാകാം പാമ്പ് എതിർപ്പൊന്നും പ്രകടിപ്പിക്കാതെ തവളകളെയുംകൊണ്ട് ചുറ്റിയടിച്ചതെന്നാണ് പറയുന്നത്.