നെയ്യാറ്റിൻകര: ഉത്സവകാലത്തിനൊപ്പം ആനകളുടെ ദുരിതപർവത്തിനും തുടക്കമായി. ഉത്സവത്തിന് രാത്രികാല എഴുന്നെള്ളത്തിന് ആനകളെ ഉപയോഗിക്കാൻ പാടില്ലെന്ന് നിയന്ത്രണം നിലനിൽക്കേ ആനകളെ ദുരുപയോഗം ചെയ്യുന്നത് മറ്റ് രീതികളിൽ വർദ്ധിക്കുകയാണ്. ക്ഷേത്രങ്ങളിൽനിന്ന് ക്ഷേത്രങ്ങളിലേക്ക് ലോറികളിലാണ് ആനകളെ കൊണ്ടുപോകുന്നത്. കഴിഞ്ഞദിവസം ലോറിയിൽ പെർമിറ്റില്ലാതെ കടത്തിക്കൊണ്ടുവന്ന ആനകളെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി തിരികെ കേരളത്തിലേക്ക് അയച്ചിരുന്നു.
ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത മാർഗങ്ങളിലൂടെ എത്തിക്കുന്ന ആനകൾ വിരണ്ടോടുന്നത് പതിവായതോടെയാണ് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന കർശനമാക്കിയത്. മതിയായ ഭക്ഷണവും വിശ്രമവും ഇല്ലാതെ സുരക്ഷിതമല്ലാത്ത രീതിയിൽ എത്തിക്കുന്ന ആനകളാണ് മിക്കപ്പോഴും മദമിളകി വിരണ്ടോടുന്നതായി കണ്ടെത്തിയിട്ടുള്ളത്.
ഇതു കാരണമാണ് കേരളത്തിൽ നിന്നും ലോറിമാർഗം കൊണ്ടുവരുന്ന ആനകളെ പിടികൂടി തുടങ്ങിയത്. ഒരു സംസ്ഥാനത്തു നിന്നും മറ്റ് സംസ്ഥാനത്തേക്ക് മൃഗങ്ങളെ കൊണ്ടു പോകണമെങ്കിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മതപത്രം വേണം. എന്നാൽ, ഇതൊന്നുമില്ലാതെയാണ് ആനകളെ ലോറി മാർഗം കടത്തിക്കൊണ്ടു പോകുന്നത്. ഇത്തരത്തിൽ ആനകളെ അതിർത്തി കടത്തുന്ന പ്രധാന മാർഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ നെയ്യാറ്റിൻകര.
കൊടുംവെയിലിൽ കിലോമീറ്ററുകൾ
തണുത്ത അന്തരീക്ഷത്തിൽ മാത്രം സുരക്ഷിതമായി വിശ്രമിക്കാൻ സാധിക്കുന്ന ആനയെ കടുത്ത വെയിലേറ്റാണ് ലോറിയിൽ കാലും ശരീരവും ബന്ധിച്ച് കിലോമീറ്ററോളം നിറുത്തിക്കൊണ്ട് പോകുന്നത്. ദിവസവും കുറഞ്ഞത് 500 ലിറ്റർ ജലമെങ്കിലും നൽകണമെന്നിരിക്കെ അതും നൽകാറില്ലത്രേ. വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസ് ചാർജ്ജു ചെയ്യാമെന്നിരിക്കെ പൊലീസും വനംവകുപ്പും അതിന് തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.