കോഴിക്കോട്: ബിന്ദുവിന്റെയും കനകദുർഗയുടെയും ശബരിമല ദർശനം ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ യുവതികളെ ശബരിമലയിലേക്ക് അയയ്‌ക്കുമെന്നും നവോത്ഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്‌മ. ബുധനാഴ്ച ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും ഈ കൂട്ടായ്‌മയിൽ അംഗങ്ങളായിരുന്നു. രണ്ടോ മൂന്നോ യുവതികളെ വീതം ഓരോ ദിവസമായി മകരവിളക്കിന് മുമ്പ് സന്നിധാനത്ത് എത്തിക്കാനാണ് പദ്ധതി.
സി.പി.ഐ.എം.എൽ ഉൾപ്പെടെയുള്ള തീവ്രഇടതുപക്ഷ പ്രവർത്തകരാണ് കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത്. മകരവിളക്കിന് ശേഷം നട അടയ്ക്കുന്ന 20 വരെയുള്ള ദിവസങ്ങളിൽ 50 അംഗങ്ങളുള്ള യുവതിസംഘത്തെ അയയ്‌ക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം തൃശൂരിൽ ഇവരുടെ രഹസ്യയോഗം ചേർന്നിരുന്നു. അടുത്തഘട്ടം മലയ്ക്ക് പോകുന്ന യുവതികളെ സഹായിക്കാൻ അഞ്ച് യുവാക്കൾ തയ്യാറായിട്ടുണ്ടെന്നാണ് വിവരം.
ഇനി പൊലീസ് വേണ്ട
പൊലീസിന്റെ സഹായത്തോടെ കനകദുർഗയെയും ബിന്ദുവിനെയും സന്നിധാനത്ത് എത്തിക്കാനായെങ്കിലും പതിനെട്ടാംപടി ചവിട്ടിക്കാനും സന്നിധാനത്ത് കൂടുതൽ സമയം ചെലവിടാനും അവർ അനുവദിച്ചില്ലെന്ന് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്‌മയുടെ സംഘാടകൻ ശ്രേയസ് കണാരൻ കേരളകൗമുദിയോട് പറഞ്ഞു. അതുകൊണ്ട് തന്നെ പൊലീസിന്റെ സഹായത്തോടെയാവില്ല ഇനിയുള്ള ശ്രമങ്ങൾ. ശബരിമല ദർശനം കഴിഞ്ഞെത്തുന്ന യുവതികളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണെന്നും ഒറ്റപ്പെട്ട സംഭവമായതിനാലാണ് ഇവർക്ക് നേരെ ഇത്രയും പ്രതിഷേധമുണ്ടാവുന്നതെന്നും കൂടുതൽ യുവതികൾ ദർശനം നടത്തിയാൽ പ്രതിഷേധം കുറയുമെന്നുമാണ് ഇവർ കണക്കുകൂട്ടുന്നത്.
തടയുമെന്ന് സംഘപരിവാർ
ഇനി ആചാരലംഘനം അനുവദിക്കില്ലെന്നും എന്ത് വിലകൊടുത്തും നട അടയ്ക്കുന്ന ദിവസം വരെ പ്രതിരോധം ഒരുക്കുമെന്നുമാണ് സംഘപരിവാർ തീരുമാനം. ആചാരലംഘനത്തിനെതിരായി നടത്തിയ ഹർത്താലിൽ വ്യാപക അക്രമമുണ്ടായെങ്കിലും ഹിന്ദു ഏകീകരണം നടന്നിട്ടുണ്ടെന്നാണ് ഇവർ വിലയിരുത്തുന്നത്.