ബെയ്‌ജിംഗ്: പ്രമുഖ ചൈനീസ് സ്‌മാർട്‌ഫോൺ നിർമ്മാതാക്കളായ ഷവോമി, വിപണിയിൽ വൻ തരംഗം സൃഷ്‌ടിച്ച റെഡ്‌മിയെ സ്വതന്ത്ര ബ്രാൻഡാക്കുന്നു. ഷവോമിയിൽ നിന്ന് ബ്രാൻഡിംഗ് സ്വാതന്ത്ര്യം നേടിയശേഷമുള്ള, റെഡ്‌മിയുടെ ആദ്യ മോഡൽ ലോഞ്ച് ഈ മാസം പത്തിന് ചൈനയിൽ നടക്കും. 48 മെഗാപിക്‌സൽ കാമറാ സെൻസറോട് കൂടിയ സ്‌മാർട്‌ഫോണാണ് റെഡ്‌മി അവതരിപ്പിക്കുന്നത്.
2013 ജൂലായിലാണ് ബഡ്‌ജറ്ര് സ്‌മാർട്‌ഫോൺ ബ്രാൻഡായി റെഡ്‌മിയെ ഷവോമി അവതരിപ്പിച്ചത്. ഇന്ത്യയിലുൾപ്പെടെ ആഗോള തലത്തിൽ റെഡ്‌മി, റെഡ്‌മി നോട്ട് സീരീസുകൾക്ക് വൻ സ്വീകാര്യതയുണ്ട്. വ്യത്യസ്‌ത വിഭാഗത്തിലുള്ള ഉപഭോക്താക്കളെ തൃപ്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഷവോമിയും റെഡ്‌മിയും സ്വതന്ത്ര ബ്രാൻഡുകളായി പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് കമ്പനിയുടെ സ്ഥാപകനായ ലീ ജൂൺ പറഞ്ഞു.
റെഡ്‌മി പൂർണമായും ബഡ്‌ജറ്റ് ശ്രേണിയിലാണ് ശ്രദ്ധിക്കുക. വില്‌പന പ്രധാനമായും ഇ-കൊമേഴ്‌സ് വഴിയുമാണ്. ഷവോമി അഥവാ 'മി" ശ്രേണിയിലുള്ളത് സമ്പന്നരെ ലക്ഷ്യമിട്ടുള്ള ഹൈ-എൻഡ് ഉത്‌പന്നങ്ങളാണ്. ഓഫ്‌ലൈൻ റീട്ടെയിൽ വിപണികളിലാണ് 'മി"യുടെ ശ്രദ്ധ.
ഇന്ത്യയിൽ 2018ലെ മൂന്നാംപാദത്തിൽ 1.17 കോടി സ്‌മാർട്‌ഫോണുകളാണ് ഷവോമി വിറ്റഴിച്ചത്. 27.3 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്‌മാർട്‌ഫോൺ ബ്രാൻഡെന്ന നേട്ടവും ഷവോമി സ്വന്തമാക്കി.