k-sudhakaran

കോഴിക്കോട്: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ രംഗത്ത്. കേരളത്തിലെ ബി.ജെ.പിക്കാർക്ക് അന്തസുണ്ടെങ്കിൽ ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ കേന്ദ്രസർക്കാരിനെ സമീപിക്കണമെന്ന് സുധാകരൻ പറഞ്ഞു. അവസരവാദം രാഷ്ട്രീയം ഉപേക്ഷിച്ച് ബി.ജെ.പി ഓർഡിനൻസ് പുറപ്പടുവിക്കണം,​ ഓർഡിനൻസ് ഇറക്കാതെ അണികളെ ബലികൊടുത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നത് എന്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തറവാട്ടിൽ പിറന്ന സ്ത്രീകൾ ശബരിമലയിൽ പോകില്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ശബരിമലയ്ക്ക് വേണ്ടി നിയമനിർമ്മാണം നടത്താൻ ആവ‌ശ്യമായ നടപടികൾ സ്വീകരിക്കും. ഇതിനുവേണ്ടി കോൺഗ്രസ് ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തും. സന്നിധാനത്ത് ദർശനം നടത്തിയ യുവതികൾക്ക് മുറി ഒരുക്കിക്കൊടുത്തത് കണ്ണൂർ സ്വദേശിയായ ഷിജിത്ത് എന്ന് പൊലീസുകാരനാണ്. ആരുടെ നിർദ്ദേശപ്രകാരമാണ് അവിടെ എത്തിയതെന്ന് വ്യക്തമാക്കണം- സുധാകരൻ പറഞ്ഞു. സംസ്ഥാനത്തിന്റെ സമാധാനം തകർത്തതിന്റെയും അക്രമസംഭവങ്ങളുടേയും പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.