ഷെയ്‌ൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ടീസർ പുറത്തിറങ്ങി. ദൂരദർശൻ വാർത്തയ്‌ക്ക് മുമ്പുള്ള എവർഗ്രീൻ തീം സോംഗ് കേന്ദ്രമാക്കി ചിട്ടപ്പെടുത്തിയ ഡാൻസ് മൂവരും ചേർന്ന് കളിക്കുന്നതാണ് ടീസറിന്റെ പ്രത്യേകത. മധു സി നാരായണൻ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് നസ്രിയയും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ചേർന്നാണ്.
പ്രധാന വേഷത്തിൽ ഫഹദ് ഫാസിലും എത്തുമെന്നാണ് സൂചന. ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് മധു.സി നാരായണൻ കുമ്പളങ്ങി നൈറ്റ്സ് ഒരുക്കുന്നത്. കൊച്ചിയിലെ കുമ്പളങ്ങി എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശ്യാം പുഷ്‌ക്കരൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സുശിൻ ശ്യാം സംഗീതം നൽകുന്നു. ഫെബ്രുവരിയിൽ ചിത്രം തിയേറ്ററുകളിലെത്തും.