bomb

ബെയ്ജിംഗ്: അമേരിക്കയ്ക്കു പിന്നാലെ അത്യുഗ്ര ശേഷിയുള്ള ബോംബ് ചൈന വികസിപ്പിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ലോകത്തിലെ ഏറ്റവും ശക്തമായ ആണവ ഇതര ബോംബാണ് ചൈന നിർമ്മിച്ചിരിക്കുന്നത്. ചൈനീസ് പ്രതിരോധ സ്ഥാപനമായ നൊറിൻകോയാണ് ഈ ഏരിയൽ ബോംബ് പ്രദർശിപ്പിച്ചതെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവായുധങ്ങൾക്ക് തൊട്ടടുത്ത് തന്നെയാണ് ഇതിന്റെയും പ്രഹരശേഷി.

'ബോംബുകളുടെ മാതാവ്" എന്നായിരുന്നു അമേരിക്ക വികസിപ്പിച്ചെടുത്ത ഉഗ്രശേഷിയുള്ള ബോംബിന് നൽകിയിരുന്ന വിശേഷണം.

2017ൽ അഫ്ഗാനിലെ ഐസിസ് ഭീകരരോട് ഏറ്റുമുട്ടവെയാണ് ജി.ബി.യു 43/ബി എന്ന ബോംബ് അമേരിക്ക ആദ്യമായി പരീക്ഷിച്ചത്. എന്നാൽ അമേരിക്കയുടെ ഈ ബോംബിനെ അപേക്ഷിച്ച് ചെറുതും കനം കുറഞ്ഞതുമാണ് ചൈനീസ് ബോംബ്. എച്ച്.6 കെ ബോംബർ ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഇതിന്റെ ദൃശ്യങ്ങളും നൊറിൻകോ പുറത്തുവിട്ടിരുന്നു.

ആദ്യമായാണ് ചൈന തങ്ങളുടെ കൈവശമുള്ള ഉഗ്രശേഷിയുള്ള ഒരു ബോംബ് പുറമെ പ്രദർശിപ്പിക്കുന്നത്.

ആറ് മീറ്ററോളം നീളമുള്ള ബോംബിന് എത്ര ടണ്ണാണ് ഭാരമെന്ന് വ്യക്തമല്ല. അമേരിക്കയുടെ ബോംബിന് വലിപ്പവും ഭാരക്കൂടുതലും ഉള്ളതിനാൽ വലിയ വിമാനത്തിൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാകൂ. എന്നാൽ ചൈനയുടേത് ബോംബർ വിമാനങ്ങളിൽ തന്നെ എത്തിക്കാനാകും.