rubber

കോട്ടയം: റബർ കൃഷിയിൽ 'ശനിയുടെ വിളയാട്ടം" അതിരൂക്ഷം. നിർബാധം തുടരുന്ന ഇറക്കുമതിയും അതുമൂലമുണ്ടായ വിലത്തകർച്ചയ്ക്കും പുറമേ ഇലചീയൽ രോഗവും റബറിനെ തകർക്കുകയാണ്. ഒരുകാലത്ത് കിലോയ്ക്ക് 250 രൂപ വരെ കിട്ടിയിരുന്ന റബറിന് ഇപ്പോൾ വില 115-120 രൂപ മാത്രം. കൃഷി മോശമായതോടെ കർഷകരിൽ പലരും ടാപ്പിംഗ് നിറുത്തിയിരിക്കുകയാണ്. ചിലർ മരങ്ങൾ മുറിച്ചുവിറ്രു.

കഴിഞ്ഞ ആഗസ്‌റ്റിൽ ആഭ്യന്തര റബർ ഉത്‌പാദനം 40,000 ടൺ ആയിരുന്നു. എന്നാൽ 58,675 ടൺ റബർ ഇന്ത്യ ഇറക്കുമതി ചെയ്‌തു. ആഗസ്‌റ്റിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വെറും 14 ടണ്ണാണ്. ഏപ്രിലിൽ ഇത് 329 ടണ്ണായിരുന്നു. അന്താരാഷ്‌ട്ര വില ആഭ്യന്തര വിലയെ അപേക്ഷിച്ച് കുറവായതാണ് ഇറക്കുമതി കൂടാൻ കാരണം.

റബറിന് കിലോയ്ക്ക് 150 രൂപ കണക്കാക്കി, കർഷകന് നഷ്‌ടപരിഹാരം (സബ്‌സിഡി) ലഭ്യമാക്കുന്ന 'വിലസ്ഥിരതാ പദ്ധതി" കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയിരുന്നു. തുടർന്ന് അധികാരത്തിലെത്തിയ എൽ.ഡി.എഫ് സർക്കാർ പദ്ധതി മരവിപ്പിച്ച മട്ടാണ്. ബഡ്‌ജറ്റിൽ പണം വകയിരുത്താത്തതിനാൽ സബ്‌സിഡി ഇനത്തിൽ കർഷകന് ലഭിക്കേണ്ട കോടികൾ ഇപ്പോൾ കുടിശികയാണ്.

പ്രൗഢി പടിയിറങ്ങുന്നു

വിലത്തകർച്ചയും കൃഷി നാശവും മൂലം റബറിന്റെ നാട് എന്ന പെരുമ കേരളത്തിന് നഷ്‌ടമാകുകയാണ്. കോട്ടയത്ത് നിന്ന് റബർ ബോർഡ് ആസ്ഥാനം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റാനും നീക്കമുണ്ട്. ഇതിന്റെ ഭാഗമായി കയറ്റുമതി മേഖലാ പദവി കേന്ദ്രം ത്രിപുരയ്ക്ക് നൽകിയിരുന്നു. കേരളത്തിലെ മിക്ക പ്രാദേശിക കേന്ദ്രങ്ങളും പ്രവർത്തനം നിറുത്തി. റബർ ബോർഡിലെ തസ്‌തികകളും കുറച്ചു.