nirmala-seetharaman-

ന്യൂഡൽഹി : ബോഫോഴ്സ് കേസ് കോൺഗ്രസ് സർക്കാരിനെ മുക്കിക്കളഞ്ഞെങ്കിൽ റാഫേൽ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ. സർക്കാരിനെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കാൻ ഇല്ലാത്തതിനാലാണ് റാഫേലിൽ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു. ലോക്‌സഭയിൽ റാഫേൽ വിഷയത്തിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം രാജ്യതാത്പര്യം മുൻനിറുത്തിയാണ്. എന്നാൽ ബോഫോഴ്സ് ഇടപാട് അഴിമതി ആയിരുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

പാർലമെന്റിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഉന്നയിച്ച് ചോദ്യങ്ങൾക്കും അവർ അക്കമിട്ട് മറുപടി പറഞ്ഞു. എച്ച്.എ.എല്ലുമായി യു.പി.എ സർക്കാരിന്റെ കാലത്തുപോലും കരാറുണ്ടാക്കാൻ റാഫേൽ വിമാന നിർമ്മാതാക്കളായ ദസോ തീരുമാനിച്ചിരുന്നില്ല. എച്ച്.എ.എൽ പ്രതിസന്ധിയിലായിരുന്നതിനാൽ ആണ് അതിന് കഴിയാത്തത്. എച്ച്.എ.എല്ലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ യു.പി.എ സർക്കാർ ഒന്നും ചെയ്തില്ലെന്നും മോദി സർക്കാരാണ് അതിന് മുൻകൈയെടുത്തതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

എച്ച്.എ.എൽ സേനക്കാവശ്യമായ വിമാനങ്ങൾ നിർമ്മിച്ചുനൽകുന്നതിൽ പ്രതിരോധ സ്റ്റാൻഡിംഗ് കൗൺസിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്ന കാര്യവും പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.