pinarayi-vijayan-

തിരുവനന്തപുരം: ശബരിമലയിൽ ഏതെങ്കിലും യുവതി കയറിയാൽ ആത്മാഹൂതി ചെയ്യുമെന്ന് പറഞ്ഞവർ എവിടെപ്പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെത്തിയ യുവതികളെ നൂലിൽക്കെട്ടി ഇറക്കിയതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിളിമാനൂർ കൊടുവഴന്നൂരിൽ ഡി.വൈ.എഫ്.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,

ഭക്തരുടെ വഴിയിലൂടെയാണ് അവർ സന്നിധാനത്ത് എത്തിയത്. ശബരിമലയിലെത്തിയ യുവതികളെ ഭക്തർ തടഞ്ഞില്ല. മറ്റുഭക്തർക്കൊപ്പം മല കയറിയാണ് അവർ ദർശനം നടത്തിയതും പ്രാർത്ഥിച്ചതും. ഭക്തർ അവർക്ക് തടസമുണ്ടാക്കിയല്ല. സൗകര്യം ചെയ്തു തന്നു എന്നാണ് അവർ പറഞ്ഞത്. യുവതികളെത്തിയത് മഹാപരാധമായി ഭക്തർ കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിക്കൂറുകളോളം പ്രതിഷേധമുണ്ടായില്ല. ഹർത്താലിലെ അക്രമം സംഘപരിവാർ ആസൂത്രണം ചെയ്തതാണ്. അവർക്ക് ബഹുജനപിന്തുണയില്ല. സഹികെട്ടപ്പോൾ നാട്ടുകാർ തന്നെ സംഘടിച്ച് അവരെ തിരിച്ചയച്ചത് നമ്മൾ കണ്ടു. അത്രയേയുള്ളൂ സംഘപരിവാറിന്റെ ശൂരവീരപരാക്രമം: മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയെ തകർക്കണമെന്ന് സംഘപരിവാർ പ്രചരിപ്പിക്കുന്നു. ശബരിമലയിൽ രണ്ടുസ്ത്രീകൾ കയറിയതിന് ഹർത്താൽ നടത്തിയവർ ഒരു സ്ത്രീ കയറിയിട്ട് ഹർത്താൽ നടത്താത്തതെന്തെന്നും പിണറായി ചോദിച്ചു.

സർക്കാർ ഓഫീസുകളും പാർട്ടി ഓഫീസുകളും സംഘപരിവാറിലെ അക്രമികൾ തകർത്തു. ജനങ്ങളെയും ആക്രമിച്ചു. എന്താണ് ഇവരുടെ ഉദ്ദേശം? നാട്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കണം. സംസ്ഥാനത്ത് പ്രശ്നമാണെന്ന് വരുത്തിത്തീർക്കണം. - മുഖ്യമന്ത്രി വിമർശിച്ചു.


വിശ്വാസമാണ് പ്രധാനമെന്ന് പറഞ്ഞ് കോൺഗ്രസും യു.ഡി.എഫും നിലപാടെടുക്കുന്നത് എത്ര പരിഹാസ്യമാണ്.

ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ പ്രധാനമന്ത്രിയെ കാണാൻ പോകുമെന്ന് പറഞ്ഞവർ എന്തുകൊണ്ടാണ് അത് വേണ്ടെന്ന് വച്ചതെന്ന് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.