india

സിഡ്നി: വാക്കുകൾ കൊണ്ട് മാത്രമല്ല ബാറ്രുകൊണ്ടും തനിക്ക് ചുട്ട മറുപടി നൽകാനറിയാമെന്ന് തെളിയിച്ച് പുജാരയ്ക്ക് പിന്നാലെ തകർപ്പൻ സെഞ്ച്വറിയുമായി കളംനിറഞ്ഞ റിഷഭ് പന്തിന്റെയും അർദ്ധസെ‌ഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയുടെയും പിൻബലത്തിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് കൂറ്രൻ ഒന്നാം ഇന്നിംഗ്സ് സ്കോർ. നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 622/7 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. തുടർന്ന് ഒന്നാംഇന്നിംഗ്സ് ബാറ്രിംഗിനിറങ്ങിയ ആസ്ട്രേലിയ സ്റ്റമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 24 റൺസെടുത്തിട്ടുണ്ട്. 19 റൺസുമായി മാർകസ് ഹാരിസും 5 റൺസുമായി ഉസ്മാൻ ഖവേജയുമാണ് കളിനിറുത്തുമ്പോൾ ക്രീസിൽ.

നേരത്തെ 303/4 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യയെ സെഞ്ച്വറിയുമായി ബാറ്രിംഗ് തുടർന്ന പുജാരയും (193), ഓസീസ് മണ്ണിൽ കന്നിസെഞ്ച്വറി നേടിയ വിക്കറ്ര് കീപ്പർ ബാറ്റ്സ്മാൻ പന്തും (പുറത്താകാതെ 159), ക്ലാസിക്ക് അർദ്ധ സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയ രവീന്ദ്ര ജഡേജയും (81) വമ്പൻ സ്കോറിൽ എത്തിക്കുകയായിരുന്നു.

പുജാരയും ഹനുമ വിഹാരിയും (42) ചേർന്നാണ് ഇന്നലെ ഇന്ത്യൻ ഇന്നിംഗ്സ് പുനരാരംഭിച്ചത്. പതിനൊന്നോവറോളം പുജാരയ്ക്കൊപ്പം പിടിച്ചു നിന്ന വിഹാരി നാഥാൻ ലിയോണിന്റെ പന്തിൽ ലബുസ്ചാംഗെയ്ക്ക് ക്യാച്ച് നൽകി പുറത്തായി. പുജാരയ്ക്കൊപ്പം 101 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് വിഹാരി മടങ്ങിയത്. പകരമെത്തിയ പന്ത് പുജാരയ്ക്കൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് പ്രശ്നമില്ലാതെ മുന്നോട്ട് കൊണ്ടുപോയി.

ഇരുവരും ആറാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്തു. നൂറ്രമ്പതും കടന്ന് ഇരട്ട സെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന പുജരയെ സ്വന്തം ബൗളിംഗിൽ പിടികൂടി ലിയോണാണ് കൂട്ടുകെട്ട് പൊളിച്ചത്. അതിന് തൊട്ടുമുൻപ് ലിയോണിന്റെ പന്തിൽ തന്നെ സ്ലിപ്പിൽ നൽകിയ ക്യാച്ച് ഖവേജ വിട്ടുകളഞ്ഞുവെങ്കിലും അത് മുതലാക്കാൻ പുജാരയ്ക്ക് കഴിഞ്ഞില്ല. 373 പന്ത് നേരിട്ട് 22 ഫോറുൾപ്പെട്ടതായിരുന്നു പുജാരയുടെ മാരത്തൺ ഇന്നിംഗ്സ്.

തുടർന്നാണ് പന്തും ജഡേജയും ക്രീസിൽ ഒരുമിക്കുന്നത്. ഓസീസ് ബൗളിംഗിനെ ഒരു പതർച്ചയുമില്ലാതെ നേരിട്ട ഇരുവരും ഏഴാം വിക്കറ്റിൽ റെക്കാഡ് കൂട്ടുകെട്ട് പടുത്തുയർത്തി. 202 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും കൂടി ഏഴാം വിക്കറ്രിൽ ഉണ്ടാക്കിയത്. ആസ്ട്രേലിയയിലെ ഏറ്രവും മികച്ച ഏഴാം വിക്കറ്ര് കൂട്ടുകെട്ടാണിത്. ഇതിനിടെ പന്ത് തന്റെ രണ്ടാം ടെസ്റ്ര് സെഞ്ച്വറിയും സ്വന്തമാക്കി. നേരട്ട 137-ാം പന്തിൽ ലബുസ്ചാംഗെയെ മിഡ്‌വിക്കറ്റിലൂടെ ബൗണ്ടറി കടത്തിയാണ് പന്ത് ആസ്ട്രേലിയയിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്ര് കീപ്പറായത്. കിട്ടിയ അവസരം കൃത്യമായി മുതലാക്കി അർദ്ധ സെഞ്ച്വറിയും പിന്നിട്ട് ബാറ്രിംഗ് തുടർന്ന ജഡേജ റൺസുയർത്താനായി ലിയോണിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ആക്രമിക്കാനുള്ള ശ്രമത്തിനിടെ ക്ലീൻബൗൾഡായതോടെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 114 പന്ത് നേരിട്ട് 7 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ജഡേജയുടെ ഇന്നിംഗ്സ്. 189 പന്ത് നേരിട്ട് 159 റൺസുമായി പുറത്താകാതെ നിന്ന പന്ത് 15 ഫോറും 1 സിക്സും നേടി. ഓസീസിനായി ലിയോൺ 4 വിക്കറ്രും ഹേസൽവുഡ് 2 വിക്കറ്രും വീഴ്ത്തി. ഓസീസിന്റെ പ്രധാന ബൗളർമാരായ സ്റ്രാർക്ക്,​ ഹേസൽവുഡ്,​ കമ്മിൻസ്,​ ലിയോൺ എന്നിവർ നൂറിൽക്കൂടുതൽ റൺസ് വഴങ്ങി.