പത്തനംതിട്ട: ശബരിമലയിൽ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കുന്നു. ഇവിടെയും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ വിന്യസിച്ചതിനേക്കാൾ കൂടുതൽ പൊലീസുകാരെ പുല്ലുമേട്ടിൽ നിയോഗിക്കുന്നുണ്ട്.
കഴിഞ്ഞ തവണ 1500ൽ താഴെ മാത്രം പൊലീസുകാരെയാണ് പുല്ലുമേട്ടിൽ നിയോഗിച്ചത്. അത് ഇത്തവണ 500 പൊലീസുകാരെ കൂടുതലായി നിയോഗിക്കും. ശബരിമലയിൽ മകരവിളക്കിനായുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി വരുന്നതായി സ്പെഷ്യൽ ഓഫീസർ വിളിച്ച അവലോകനയോഗത്തിൽ വിലയിരുത്തി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. ഇടുക്കി ജില്ലയിലെ കുമളി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നിരുന്നു. മകരവിളക്ക് സമയത്ത് പുല്ലുമേട്ടിലടക്കം പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പൊലീസിനെ വിന്യസിക്കുന്നത്.