കോഴിക്കോട്: ശബരിമലയെ വീണ്ടും തീക്കുണ്ഡമാക്കിയതിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്നും അക്രമവും കലാപവും ഉണ്ടാക്കിയതിനും ജനജീവിതം ദുസ്സഹമാക്കിയതിനും ആദ്യം വിലങ്ങ് വയ്ക്കേക്കേണ്ടത് മുഖ്യമന്ത്രിയെ ആണെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. കോഴിക്കോട് ഡി.സി.സിയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തിൽ എത്രയോ ആളുകൾക്ക് പരിക്ക് പറ്റുകയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. പൊലീസുകാർ അതിഭീകരമായ ലാത്തിചാർജ് നടത്തി. തന്ത്രിക്കെതിരെ മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തിയത് അൽപ്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്നത് പോലെയാണ്. തന്ത്രി ചെയ്തത് അദ്ദേഹത്തിൽ അർപ്പിതമായ കർത്തവ്യമാണ്. അത് എങ്ങനെയാണ് കോടതിയലക്ഷ്യമാവുന്നതെന്നും സുധാകരൻ ചോദിച്ചു.