പന്തളം : പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറിൽ കൊല്ലപ്പെട്ട ശബരിമല കർമ്മസമിതി പ്രവർത്തകൻ കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താന്റെ സംസ്കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ നടത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ മോർച്ചറിയിൽ വച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ 9.30 ഓടെ ശബരിമല കർമ്മസമിതിയുടെയും ബി.ജെ.പിയുടെയും പ്രവർത്തകർ ഏറ്റുവാങ്ങി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പന്തളം പാട്ടുപുരക്കാവ് ഭഗവതി ക്ഷേത്ര കാണിക്കവഞ്ചി ജംഗ്ഷനിൽ 11.30 ഓടെ എത്തിച്ചു. അവിടെനിന്നു കാൽനടയായി 12.30 ഓടെ വീട്ടിൽ കൊണ്ടുവന്നു പൊതുദർശനത്തിന് വച്ചതിന് ശേഷം ഉച്ചകഴിഞ്ഞ് 2.30ന് സംസ്കാരം നടത്തി. ശബരിമല കർമ്മസമിതി അദ്ധ്യക്ഷ കെ.പി. ശശികല, ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു, ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണമേനോൻ, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, കേരള കോൺഗ്രസ് ചെയർമാൻ പി.സി. തോമസ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ്, ബി.ജെ.പി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. മുകുന്ദൻ, പന്തളം കൊട്ടാര നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമ്മ, എൻ.എസ്.എസ് പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, രാഹുൽ ഈശ്വർ, കോൺഗ്രസ് നേതാക്കളായ പഴകുളം മധു, അഡ്വ. കെ. പ്രതാപൻ, പഴകുളം ശിവദാസൻ തുടങ്ങിയ നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻപൊലീസ് സുരക്ഷയിലാണ് വിലാപയാത്ര നടത്തിയത്.