കന്നഡ താരം യാഷ് നായകനായ ‘കെജിഎഫ്’ മലയാളത്തിലും തരംഗം സൃഷ്ടിക്കുകയാണ്. മലയാളം, തമിഴ് എന്നിവ ഉൾപ്പെടെ ആറുഭാഷകളിൽ റിലീസ് ചെയ്ത ചിത്രം ഒരാഴ്ചയ്ക്കുള്ളിൽതന്നെ 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു.
കെ.ജി.എഫിലൂടെ മലയാളികൾക്കും പ്രിയങ്കരനായ യാഷും മലയാള സിനിമയുടെ ആരാധകനാണ്. പക്ഷേ മലയാള സിനിമകൾ കാണാറുള്ള യാഷിന് മലയാളം അത്ര പുതിയതല്ല. അടുത്തിടെ താരം നൽകിയ അഭിമുഖത്തിനിടയിൽ മലയാളത്തിൽ സംസാരിക്കുകയും മോഹൻലാലിന്റെ ഹിറ്റ് സിനിമയിലെ പഞ്ച് ഡയലോഗ് മലയാളികൾക്കായി യാഷ് പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
മോഹൻലാൽ നായകനായ രാവണപ്രഭുവിലെ സവാരി ഗിരി ഗിരി എന്ന ഹിറ്റ് ഡയലോഗ് പറഞ്ഞാണ് യാഷ് ഞെട്ടിച്ചത്. മലയാളം ഡയലോഗ് മാത്രമല്ല മലയാളം പാട്ടും തനിക്ക് അറിയാമെന്ന് പറഞ്ഞ യാഷ് പാടുകയും ചെയ്തു.
ഷാൻ റഹ്മാൻ സംഗീതം നൽകിയ ഹിറ്റ് ആൽബത്തിലെ വിനീത് ശ്രീനിവാസൻ പാടിയ ‘പലവട്ടം കാത്തുനിന്നു ഞാൻ’ എന്ന ഗാനമാണ് യാഷ് പാടിയത്. അതിനുശേഷം എല്ലാ മലയാളികളോടും കെജിഎഫ് സിനിമ കാണണമെന്ന് മലയാളത്തിൽ ആവശ്യപ്പെടുകയും ചെയ്തു. സംഗീത സംവിധായകൻ ഷാൻ റഹ്മാൻ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ കെജിഎഫിന്റെ സംവിധായകൻ. ശ്രീനിധി ഷെട്ടിയാണ് നായിക. ‘കോലാർ ഗോൾഡ് ഫീൽഡ്സ്’ എന്നതിന്റെ ചുരുക്കെഴുത്താണ് ‘കെജിഎഫ്’. കർണാടകത്തിലെ കോലാർ സ്വർണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. രണ്ടുഭാഗമായി ഒരുങ്ങുന്ന സിനിമയുടെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തത്.
കന്നഡ സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ‘കെജിഎഫ്’.