kaumudy-news-headlines

1. ഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കാനുള്ള വിമാന നിരക്ക് ഏകീകരിച്ച് എയര്‍ ഇന്ത്യ. ഇതുപ്രകാരം എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവ വഴി ഇന്ത്യയില്‍ എവിടേക്ക് മൃതദേഹം എത്തിക്കാനും ഒരേ നിരക്കായിരിക്കും. പുതിയ നടപടി, പ്രവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യം പരിഗണിച്ച്

2. പുതിയ നിരക്ക് പ്രകാരം 12 വയസില്‍ താഴെയുള്ളവരുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നതിന് 750 ദിര്‍ഹം അടച്ചാല്‍ മതിയാകും. 12 വയസില്‍ മുകളില്‍ ഉള്ളവര്‍ക്ക് 1500 ദിര്‍ഹമാണ് നിരക്ക്. ജി.സി.സി രാജ്യങ്ങള്‍ക്കെല്ലാം ഇത്തരത്തില്‍ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. നിരക്ക് ഏകീകരിച്ചുള്ള അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി

3. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യ സംഘടനകള്‍. ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ നേരത്തെ ഇരട്ടി ആക്കിയിരുന്നു. മൃതദേഹങ്ങളുടെ ഭാരം നോക്കി നിരക്ക് നിശ്ചയിക്കുന്ന രീതി വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കാനെങ്കിലും എയര്‍ ഇന്ത്യ തയാറാകണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു

4. ശബരിമല യുവതീ പ്രവേശനത്തിനു ശേഷം സന്നിധാനത്ത് നട അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ തന്ത്രിയോട് വിശദീകരണം ചോദിക്കും എന്ന് ദേവസ്വം ബോര്‍ഡ്. തന്ത്രിയുടെ മറുപടിയ്ക്കു ശേഷം ഭാവി നടപടികള്‍ സ്വീകരിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തന്ത്രി 15 ദിവസത്തിനകം വിശദീകരണണ്‍ നല്‍കണം എന്ന് ആവശ്യം

5. തന്ത്രിയുടെ നടപടി സുപ്രീംകോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധം. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ആണ് തന്ത്രിയോട് വിശദീകരണം തേടിയത് എന്നും കൂട്ടിച്ചേര്‍ക്കല്‍. യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തേണ്ട ആവശ്യം ഇല്ലെന്നും ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതിയുടെ വിധി നിലവില്‍ ഉണ്ടെന്നും പത്മകുമാര്‍

6. സുപ്രീംകോടതി വിധി അനുസരിക്കാത്ത ശബരിമല തന്ത്രിയെ ഉടന്‍ മാറ്റണം എന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍. ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്ത് അവകാശമാണ് ഉള്ളത്. ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിയെ മാറ്റണം എന്നും ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏക അഭിപ്രായമാണ് ഉള്ളതെന്നും മന്ത്രി

7. ശബരിമല യുവതീ പ്രവേശന വിധിക്ക് എതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയാല്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിന്‍സ് ഇറക്കും എന്ന് സൂചന. ഇക്കാര്യത്തില്‍ കേരളത്തിലെ സംഘ്പരിവാര്‍ നേതാക്കള്‍ ബി.ജെ.പി- ആര്‍.എസ്.എസ് കേന്ദ്ര നേതൃത്വം വഴി പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്തിയതായി കേരളകൗമുദി ഫ്ളാഷ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് ആണ് വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കം

8. യുവതീ പ്രവേശനത്തിന് എതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്ന നിലപാട് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും. അതേസമയം, സാങ്കേതികവും നിയമപരവും ആയുള്ള ചില കടമ്പകള്‍ ഓര്‍ഡിനന്‍സിന് ഉണ്ടാവും എന്ന് സൂചന ഉണ്ട്. ഫെഡറല്‍ തത്വങ്ങളെ ലംഘിക്കുന്നു എന്ന് ആരോപിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് എതിരെ ഇടതു പക്ഷം പ്രചാരണം നടത്തും. അങ്ങനെ എങ്കില്‍ ഇതിനെ ചെറുക്കാന്‍ സംഘ്പരിവാര്‍ രംഗത്ത് എത്തും എന്നും ഫാളാഷ് റിപ്പോര്‍ട്ട് ചെയ്യുന്നു

9. റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ആരോപണങ്ങളെ പാര്‍ലമെന്റില്‍ പ്രതിരോധിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. കലാപ കലുഷിതമായ അയല്‍വാസികള്‍ ഉള്ളപ്പോള്‍ സമയത്തിന് പടക്കോപ്പുകള്‍ വാങ്ങേണ്ടത് അത്യാവശ്യം എന്ന് മന്ത്രി. തങ്ങള്‍ പ്രതിരോധ ഇടപാടുകള്‍ നടത്താറില്ല. കറാറുകളില്‍ ആണ് ഏര്‍പ്പെടുന്നത്. രാജ്യസുരക്ഷയ്ക്ക് ആണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്നും നിര്‍മ്മലാ സീതാരാമന്‍

10. ആരാണ് അധികാരത്തില്‍ എന്നുള്ളതല്ല. ദേശീയ സുരക്ഷ ആണ് പ്രധാനം. തങ്ങള്‍ വസ്തുതകളില്‍ നിന്ന് ഓടി ഒളിക്കില്ല. കോണ്‍ഗ്രസ് വസ്തുതകളെ ഭയക്കുന്നു. റഫാല്‍ കരാര്‍ യു.പി.എ സര്‍ക്കാര്‍ വൈകിപ്പിച്ചത് എന്തിന് എന്ന് ചോദിച്ച നിര്‍മ്മല സീതാരാമന്‍, എച്ച്.എന്‍.എല്ലിനെ ശക്തിപ്പെടുത്താന്‍ ഒന്നും ചെയ്യാത്ത കോണ്‍ഗ്രസ് മുതല കണ്ണീര്‍ ഒഴുക്കുക ആണ് എന്നും കുറ്റപ്പെടുത്തി

11. ശബരിമല യുവതീ പ്രവേശന വിഷയം ലോക്സഭയിലും. ആക്ടിവിസ്റ്റുകളായ രണ്ടുപേര്‍ ശബരിമലയില്‍ എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ നടന്നു എന്ന് കെ.സി വേണുഗോപാല്‍ എം.പി. സംസ്ഥാനത്തിന്റെ നഷ്ടപ്പെട്ട സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രം ഇടപെടണം. ഇതിനായി നിയമ നിര്‍മ്മാണം നടത്തണം എന്നും കെ.സി. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രം ആണ് ചെയ്തത് എന്ന് സി.പി.എം എം.പി പി. കരുണാകരന്‍

12. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ല എന്ന് ബി.ജെ.പി എം.പി മീനാക്ഷി ലേഖി. മലകയറാന്‍ ശ്രമിക്കുന്നവര്‍ വിശ്വാസികള്‍ അല്ല എന്നും പ്രതികരണം. ഇന്ന് സഭ ചേര്‍ന്നപ്പോള്‍ തന്നെ ശബരിമല വിഷയം ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാര്‍ സ്പീക്കറെ സമീപിച്ചിരുന്നു. എന്നാല്‍ വിഷയം ശൂന്യവേളയില്‍ അവതരിപ്പിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയത്.