ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രണ്ട് യുവതികൾ കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ പ്രവേശിച്ചത്. ഇതിന്റെ പ്രതിഷേധമെന്നോണം കേരളത്തിൽ ശബരിമല കർമ്മസമിതി ഹർത്താൽ നടത്തിയിരുന്നു. തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും നടന്നു. സോഷ്യൽ മീഡിയയിലൂടെ യുവതി പ്രവേശനത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടന്നുകൊണ്ടരിക്കുകയാണ്. അതിനിടെയാണ് ഇന്നലെ ശ്രീലങ്കൻ സ്വദേശി ശശികല സന്നിധാനത്തെത്തിയത്.
Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!
ഈ സാഹചര്യത്തിലാണ് തമാശ രൂപേണയുള്ള ട്രോളുകൾ കടൽ കടന്ന് ശ്രീലങ്കയിലുമെത്തിയത്. ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മലയാളികളുടെ ട്രോളുകൾ നിറയുന്നത്. 'നീ ഞങ്ങടെ ശബരിമലയിൽ യുവതികളെ കയറ്റും അല്ലേടാ, നിന്നോട് ദെെവം ചോദിക്കും'. 'ഇവന്റെയൊക്കെ ഏഴുതലമുറ ബൗൺസർ എറിയാൻ കഴിയാത്തവരായിപ്പോകണേ അയ്യപ്പാ'. 'ഞങ്ങടെ സച്ചിന്റെ കൂടെ കളിച്ചിട്ട് ഞങ്ങൾക്ക് തന്നെ പണി തരുന്നോടാ മലിംഗേ'. തുടങ്ങിയ നിരവധി കമന്റുകളാണ് മലിംഗയുടെ പോസ്റ്റിന് താഴെ നിറയുന്നത്.
മലിംഗയുടെ പേജിൽ മാത്രമല്ല ക്രിക്കറ്റ് താരങ്ങളായ സനത് ജയസൂര്യ, കുമാർ സംഗക്കാര തുടങ്ങിയവരുടെ പേജിലും ട്രോളുകൾ നിറയുകയാണ്. സനത് ജയസൂര്യയെ ജാഫ്നയിലെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയാക്കിക്കൊണ്ടുള്ള പരിഹാസ രൂപേണയുള്ള ട്രോളുകൾ വരുന്നുണ്ട്.