mittai-theruvu

കോഴിക്കോട്: കഴിഞ്ഞ ദിവസമുണ്ടായ ഹർത്താൽ അക്രമങ്ങളിൽ മിഠായിത്തെരുവിലെ കടകൾക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ചില്ലുകൾ എറിഞ്ഞ് തകർക്കുന്ന അക്രമങ്ങൾ മാത്രമാണ് ഹർത്താൽ അനുകൂലികൾ നടത്തിയത്.

ഇന്നലെ പുലർച്ചെ മിഠായിത്തെരുവിലെ രണ്ട് കടകൾക്ക് തീയിട്ടുവെങ്കിലും നാശനഷ്ടം ഉണ്ടായില്ല.അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള തങ്കം റെഡിമെയ്‌‌ഡ‌്സിലും മോഹൻദാസിന്റെ പേരിലുള്ള എ.ശങ്കരൻ ഫാൻസിയിലുമാണ് ഷട്ടർ വലിച്ച് അകത്തേക്ക് തീയിട്ടത്. എന്നാൽ തീ ആളിപ്പടർന്നില്ല.ഇത് കാരണം കാര്യമായ നഷ്ടമൊന്നും ഉണ്ടായില്ല.രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് വ്യാപാരികൾ കാണുന്നത്.

കഴിഞ്ഞ ദിവസത്തെ സംഘർഷം കാരണം കനത്ത പൊലീസ് കാവൽ നിലനിൽക്കെ മിഠായിത്തെരുവിന്റെ നടുവിലുള്ള വ്യാപാര സ്ഥാപനം കത്തിക്കാൻ ശ്രമിച്ചത് വ്യാപാരികളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിന്റെ കട ലക്ഷ്യമാക്കിയാണ് അക്രമികൾ എത്തിയതെന്ന് വ്യാപാരികൾ സംശയിക്കുന്നു.പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള കടയുടെ നേരെ എതിർവശത്തുള്ളതാണ് അഗ്നിക്കിരയാക്കാൻ ശ്രമിച്ച കടകൾ.ഫോറൻസിക് വിദഗ്ദ്ധർ പൊലീസ് സഹായത്തോടെ കടകൾ പരിശോധിച്ച് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ദിവസം യുദ്ധഭൂമിയായിരുന്ന മിഠായിത്തെരുവിലെ കടകൾ എല്ലാം ഇന്നലെ സാധാരണ പോലെ തുറന്ന് പ്രവർത്തിച്ചു.എല്ലാ കടകളിലും നല്ല തിരക്കും അനുഭവപ്പെട്ടു.