ന്യൂഡൽഹി: ബാങ്കുകളിൽ നടക്കുന്ന ഒരുലക്ഷം രൂപയ്‌ക്ക് താഴെയുള്ള തട്ടിപ്പുകളും അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതിനായി റിസർവ് ബാങ്കുമായി ചേർന്ന് നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. നിലവിൽ, ഒരുലക്ഷം രൂപയ്‌ക്കുമേൽ വരുന്ന തട്ടിപ്പുകൾ മാത്രമാണ് റിസർവ് ബാങ്ക് രേഖപ്പെടുത്തുന്നത്. ഇതിൽ ഡെബിറ്ര്/ക്രെഡിറ്റ് കാർഡ്, എ.ടി.എം., ഇന്റർനെറ്ര് ബാങ്കിംഗ് തട്ടിപ്പുകളും ഉൾപ്പെടുന്നു.
സോഷ്യൽ മീഡിയകളിലൂടെ ഉൾപ്പെടെ നടക്കുന്ന ഉപഭോക്തൃ വിവരച്ചോർച്ച ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാനായി ഫിനാൻഷ്യൽ ഡാറ്റ പ്രൊട്ടക്‌ഷൻ ബില്ലിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യക്കാരുടെ വിവരങ്ങൾ പുറത്തേക്ക് ചോർത്തപ്പെടാൻ സർക്കാർ ഒരിക്കലും അനുവദിക്കില്ല. ഫേസ്‌ബുക്കിനെതിരെ പരാതി ഉണ്ടായപ്പോൾ നടപടിയെടുത്തത് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം 47,167 കോടി രൂപയാണ് തട്ടിപ്പുകളിലൂടെ രാജ്യത്തെ ബാങ്കുകൾക്ക് നഷ്‌ടമായത്. തൊട്ടുമുൻ വർഷത്തെ അപേക്ഷിച്ച് 72 ശതമാനമാണ് വർദ്ധന. 5,917 കേസുകളാണ് കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്‌തത്. ഇതെല്ലാം ഒരുലക്ഷം രൂപയ്ക്ക് മേൽ വരുന്ന തട്ടിപ്പുകളാണ്.