പത്തനംതിട്ട : ശബരിമല യുവതിപ്രവേശനത്തിൽ പ്രതിഷേധിച്ച് പന്തളത്ത് ശബരിമല കർമ്മ സമിതി പ്രവർത്തകർ നടത്തിയ മാർച്ചിനിടെയുണ്ടായ കല്ലേറിൽ കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്. സംഭവത്തിൽ അറസ്റ്റിലായ സി.പി.എം പ്രവർത്തകരായ കണ്ണനും അജുവും റിമാൻഡിലാണ്. ഇവരുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.
ആസൂത്രിതമായാണ് അക്രമിസംഘം കല്ലേറുണ്ടായ കെട്ടിടത്തിന് മുകളിൽ തമ്ബടിച്ചത്. 'എറിഞ്ഞു കൊല്ലെടാ അവൻമാരെ' എന്നാക്രോശിച്ച് തുരുതുരാ കല്ലെറിഞ്ഞു. ഇതിലാണ് ചന്ദ്രൻ ഉണ്ണിത്താന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റത്. ന്യായവിരോധമായി സംഘം ചേർന്ന് അക്രമം നടത്തുകയായിരുന്നു. കരിങ്കൽ കഷണങ്ങൾ, ഇഷ്ടിക, സിമന്റ് കട്ടകൾ എന്നിവ എടുത്ത് എറിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഘത്തിലെ അംഗങ്ങളാണെന്നറിഞ്ഞുകൊണ്ടുതന്നെ ന്യായവിരോധമായി സംഘം ചേർന്നു - എന്ന പരാമർശം മാത്രമാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. സി.പി.എം പ്രവർത്തകരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരും. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.