ലോസാഞ്ചൽസ്: ഈ വർഷം അറുപതാം പിറന്നാൾ, പ്രായമോ വെറും പതിനേഴ് ! കാലമെത്ര കഴിഞ്ഞാലും ലോകത്തിന്റെ പ്രിയ ഡോൾ 'ബാർബി"ക്ക് ഇന്നും പതിനേഴിന്റെ ചെറുപ്പം തന്നെ. ബാർബി പാവകൾ വിപണിയിലെത്തിയിട്ട് ഈ വർഷം അറുപതാണ്ടുകൾ പിന്നിടുന്നു. പഴയ അതേ കൗതുകത്തോടെ ബാർബിയെ തേടി വിപണിയിലെത്തുന്നവർ ഇന്നും ഏറെയാണ്. കാലം മാറിയപ്പോൾ വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും പുതിയ പുതിയ ബാർബികൾ കുട്ടികളുടെ മനം കവർന്നുകൊണ്ടിരുന്നു.
അമേരിക്കയിലെ ലൊസാഞ്ചൽസാണ് ബാർബിയുടെ ജന്മദേശം. അവിടെ മാറ്റൽസ് ഡിസൈൻ സ്റ്റുഡിയോയിലാണ് ബാർബി പിറവിയെടുക്കുന്നത്. 1959 മാർച്ച് 9ന് ന്യൂയോർക്കിലെ അമേരിക്കൻ ടോയ് ഫെയറിലാണ് ആദ്യത്തെ ബാർബി അവതരിച്ചത്. മാറ്റൽസ് സ്റ്റുഡിയോയുടെ സഹ സ്ഥാപക റൂത്ത് ഹാൻഡ്‍ലർ ആണ് ഈ പാവരാജ്ഞിയുടെ സ്രഷ്ടാവ്. സ്വന്തം മകൾക്കുവേണ്ടിയാണ് റൂത്ത് ആദ്യത്തെ ബാർബിയെ ഉണ്ടാക്കിയത്. റൂത്തിന്റെ മകൾ ബാർബറയ്ക്ക് വളരെക്കുറിച്ച് കളിപ്പാട്ടങ്ങളേ ഉണ്ടായിരുന്നുള്ളൂ. അതെല്ലാം ബേബി ഡോളുകളും. അങ്ങനെ വ്യത്യസ്തതയ്ക്കുവേണ്ടി റൂത്ത് ബാർബിയെ സൃഷ്ടിച്ചു. ബാർബറ എന്ന് പേരും നൽകി. പിന്നീടവൾ ലോകത്തിന് പ്രിയപ്പെട്ട ബാർബിയായി.