-kodiyeri-balakrishnan

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിനെതിരെ രണ്ടാം വിമോചന സമരമെന്ന ബി.ജെ.പിയുടെ ആഗ്രഹത്തെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എൻ.എസ്.എസ് ഡെപ്യുട്ടി ജനറൽ സെക്രട്ടറിയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധിക്കും സോണിയാഗാന്ധിക്കും വിധേയനായാണ് ചെന്നിത്തല പ്രവർത്തിക്കേണ്ടത്. കോൺഗ്രസിലെ സാധാരണക്കാർ കെ.പി.സി.സി നേതൃത്വത്തെ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1991ലെ കോ.ലീ.ബി സഖ്യത്തിന് സമാനമായ നീക്കത്തിനാണ് കേരളത്തിൽ ശ്രമം. കോൺഗ്രസുകാർ ഈ നിലപാടിനെ തള്ളിക്കളയണമെന്നും രാഹുൽ ഗാന്ധിയുടെ നിലപാട് ഉയർത്തിപ്പിടിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ഹർത്താലിന്റെ മറവിൽ ആസൂത്രിതമായ കലാപശ്രമമാണ് സംസ്ഥാനത്തുണ്ടായത്. കേരളത്തിൽ കലാപമുണ്ടാക്കാൻ സി.പി.എമ്മിനെ ആക്രമിക്കണമെന്ന് അവർക്കറിയാം. അതിനാലാണ് സി.പി.എം പ്രവർത്തകരെയും സ്ഥാപനങ്ങളെയും ആക്രമിച്ചത്. ജനങ്ങളും പൊലീസും ആത്മസംയമനം പാലിച്ചതിനാലാണ് കലാപം ഉണ്ടാവാതിരുന്നത്. ഉത്തരേന്ത്യൻ മാതൃകയിൽ കലാപം ഉണ്ടാക്കാനുള്ള ശ്രമം കേരളത്തിൽ വിജയിക്കാതിരുന്നതിനുള്ള കാരണം മാദ്ധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

എൻ.എസ്.എസിന്റെ പ്രമേയങ്ങൾ താത്കാലിക വികാരപ്രകടനങ്ങളാണ്. മുഖ്യമന്ത്രിയെ സമുദായം പറഞ്ഞുള്ള പ്രചരണങ്ങളെ കേരളം തള്ളും. 8, 9 തീയതികളിൽ നടക്കുന്നത് തൊഴിലാളി പണിമുടക്ക് മാത്രമാണെന്നും പണിമുടക്ക് നടത്താനുള്ള അവകാശം തൊഴിലാളികൾക്കുണ്ടെന്നും കോടിയേരി വ്യക്തമാക്കി.