sabarimala

തിരുവനന്തപുരം:സുപ്രീംകോടതി ഉത്തരവ് വന്ന ശേഷം ഇതുവരെ 40നും 50 മദ്ധ്യേ പ്രായമുള്ള ഒൻപതു യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതായി പൊലീസ് പറയുന്നു. ശ്രീലങ്കയിലും മലേഷ്യയിലും നിന്നുള്ളവരടക്കമാണിത്. ഇതു സംബന്ധിച്ച റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാൻ പൊലീസിന് സർക്കാർ നിർദ്ദേശം നൽകിയെന്നും അറിയുന്നു. ശ്രീലങ്കൻ യുവതിയെ കൂടാതെ മലേഷ്യയിൽ നിന്നെത്തിയ മൂന്നു യുവതികളും പൊലീസിന്റെ സഹായത്തോടെ ദർശനം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. 25 അംഗ മലേഷ്യൻ സംഘത്തിനൊപ്പമെത്തിയ യുവതികളാണു മല കയറിയത്. മലേഷ്യയിൽ സ്ഥിരതാമസക്കാരായ മലയാളികളും തമിഴ്നാട്ടുകാരുമാണ് സംഘത്തിലുണ്ടായിരുന്നത്. തർക്കമുണ്ടായപ്പോൾ തങ്ങൾ 50 വയസിന് മുകളിലുള്ളവരാണെന്ന് മലേഷ്യൻ സ്ത്രീകൾ പ്രതിഷേധക്കാരോട് പറഞ്ഞെന്നും പൊലീസ് വിശദീകരിക്കുന്നു. മറ്റ് മൂന്നുപേരുടെ വിശദാംശം പൊലീസ് പുറത്തുവിടുന്നില്ല. ഇക്കാര്യം സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. പാരീസിൽ സ്ഥിരതാമസമാക്കിയ 47കാരിയായ ശ്രീലങ്കക്കാരി ശശികല വ്യാഴാഴ്ച രാത്രി നട അടയ്‌ക്കുന്നതിനു തൊട്ടു മുൻപാണു ദർശനം നടത്തിയതെന്നും പൊലീസ് വിശദീകരിച്ചു. പ്രതിഷേധത്തിനൊടുവിൽ രാത്രി 9.30നു തിരിച്ചിറങ്ങുന്നതായി ഭാവിച്ചെങ്കിലും രാത്രി 10.50ന് പോലീസ് സഹായത്തോടെ ദർശനം നടത്തുകയായിരുന്നു. മുഖ്യമന്ത്റി പിണറായി വിജയനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദർശനത്തിനു ശേഷം ഇവർ പാരീസിലേക്കു മടങ്ങും. പാരീസിൽ നിന്ന് ചെരിപ്പു പോലും ഇടാതെ കഠിന വ്രതം നോ​റ്റാണ് ശബരിമലയിൽ എത്തിയതെന്നാണു പൊലീസ് പറയുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കൂടുതൽ യുവതികൾ ദർശനത്തിനെത്തിയെന്ന് കോടതിയെ അറിയിക്കാനാണ് പൊലീസ് നീക്കം.