തിരുവനന്തപുരം: ബി.ജെ.പിയും ശബരിമല കർമ്മസമിതിയും കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിനിടെ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞ ആർ.എസ്.എസ് പ്രവർത്തകരെ വിരട്ടിയോടിച്ച തമിഴ്നാട് എസ്.ഐയ്ക്ക് അഭിനന്ദന പ്രവാഹം. കളിയിക്കാവിള എസ്.ഐ എം.വി മോഹന അയ്യരാണ് സോഷ്യൽ മീഡിയയിൽ ഒരുദിവസം കൊണ്ട് താരമായത്.
ഹർത്താലിനിടെ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടാകുകയും കെ.എസ്.ആർ.ടിസി ബസുകൾ തകർക്കുകയും ചെയ്തിരുന്നു, കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിള/യിലും ആർ.എസ്.എസ് ബി.ജെപി പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസുകൾ തടയാൻ പാഞ്ഞടുത്തിരുന്നു. .
എന്നാൽ സ്ഥലത്തുണ്ടായിരുന്ന എസ്.ഐ മോഹനഅയ്യർ ഹർത്താൽ അനുകൂലികളെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. ' ആമ്പിളയാനാ വണ്ടിയെ തൊട്റാ' എന്ന മോഹന അയ്യരുടെ വെല്ലുവിളിക്കുമുന്നിൽ പ്രവർത്തകർ പിന്തിരിയുകയായിരുന്നു.
തുടർന്ന് ബസുകളെ കടത്തിവിട്ട സമരക്കാർ സ്ഥലം വിടുകയും ചെയ്തു. ഹർത്താൽ അനുകൂലികളെ തടയുന്ന എസ്.ഐ യുടെ വീഡിയോ വൈറലായതിന് പിന്നാലെ അഭിനന്ദനപ്രവാഹവും തേടിയെത്തിയിരുന്നു.
അതിനിടയിലാണ് കെ.എസ്.ആർ.ടി.സിയും എസ്ഐയെ ഔദ്യോഗികമായി അംഭിനന്ദിച്ച് രംഗത്തെത്തിയത്. കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരി മോഹനഅയ്യരെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
പിന്നാലെ പ്രശസ്തി പത്രവും 10,00 രൂപയും സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്തു.