തിരുവനന്തപുരം∙: സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കെതിരെയുള്ള എല്ലാ കുപ്രചാരണങ്ങളെയും നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ ബഹുമുഖമായ വികസനമാണു പ്രധാനമെന്നും അതിനുവേണ്ട പ്രവർത്തനങ്ങൾ സാഹസികതയോടെ ഏറ്റെടുക്കും. വ്യക്തിപരമായ ഇമേജിനെക്കുറിച്ചു ചിന്തിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദപരിപാടിയായ 'നാം മുന്നോട്ടി'ൽ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനം എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇവിടെ ഒന്നും നടക്കില്ലെന്നു പറഞ്ഞവർ പോലും ഇപ്പോൾ ഇവിടെ എല്ലാം സാദ്ധ്യമാണ് എന്ന് അദ്ഭുതപ്പെടുന്നു. ദേശീയപാതാ വികസനത്തിന്റെ പുരോഗതിയും ഗെയിൽ പൈപ്പ് നിർമ്മാണവും പൂർത്തിയായത് അതിന്റെ സൂചനയാണ്. പദ്ധതി നടപ്പാകണം എന്ന നടപടി സ്വീകരിച്ചപ്പോൾ ജനങ്ങൾ കാര്യം മനസിലാക്കി. കണ്ണൂർ വിമാനത്താവളപരിസരത്ത് 5000 ഏക്കർ സ്ഥലം ഏറ്റെടുക്കുമെന്നും അവിടെ വൻകിട പദ്ധതികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.