ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ അപരാജിതക്കുതിപ്പ് നടത്തിയ ലിവർപൂളിന് മാഞ്ചസ്റ്രർ സിറ്രി മൂക്കുകയറിട്ടു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിറ്രി ലിവറിനെ കീഴടക്കി. സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്രേഡിയത്തിൽ നടന്ന മത്സരത്തിൽ ലെറോയ് സനെയും സെർജിയോ അഗ്യൂറോയുമാണ് സിറ്രിയ്ക്കായി ലക്ഷ്യം കണ്ടത്. ഫിർമിനോയാണ് ലിവറിനായി സിറ്രിയുടെ വലയിൽ പന്തെത്തിച്ചത്. 40-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയിലൂടെയാണ് സിറ്രി ലീഡെടുത്തത്. ഇതോടെ ലീഗുകളിൽ 250 ഗോളുകൾ നേടാനും അഗ്യൂറോയ്ക്കായി. സിറ്രിക്കായി അഗ്യൂറോയുടെ 153-ാം ഗോളാണിത്. ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിനായി 74 ഗോളും അർജന്റീന പ്രിമിയേറ ഡിവിഷനിൽ ഇൻഡിപെന്റന്റേയ്ക്കായി 23 ഗോളുംഅഗ്യൂറോ നേടിയിട്ടുണ്ട്. 64-ാം മിനിറ്രിൽ ഫിർമിനോ ലിവർപൂളിന് സമനില സമ്മാനിച്ച ഗോൾ നേടി. എന്നാൽ പന്ത്രണ്ട് മിനിറ്രിന് ശേഷം 72-ാം മിനിറ്രിൽ സനെ സിറ്രിയുടെ വിജയ മുറപ്പിച്ച ഗോൾ നേടുകയായിരുന്നു.
തോറ്റെങ്കിലും 54 പോയിന്റുമായി ലിവർപൂൾ തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. 50 പോയിന്റുള്ള സിറ്റി തൊട്ടുപിറകിലുണ്ട്.
റയൽ മാഡ്രിഡിന് സമനില
മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ക്ലബ് ലോകകപ്പ് നേടിയ തിളക്കത്തിലിറങ്ങിയ റയൽ മാഡ്രിഡിനെ വിയ്യാറയൽ 2-2ന്റ സമനിലയിൽ തളച്ചു.
സാന്റി കസോർല നേടിയ ഇരട്ടഗോളുകളാണ് വിയ്യാറയലിന് സമനില ഒരുക്കിയത്. റയലിനായി കരീം ബെൻസേമയും റാഫേൽ വരാനയും ലക്ഷ്യം കണ്ടു.