തലശ്ശേരി: തലശ്ശേരി എം.എൽ.എ എ.എൻ ഷംസീറിന്റെ വീടിന് നേരെ ബോബേറ്. തലശ്ശേരി മാടപ്പീടികയാലെ വീടിന് നേരെയാണ് അജ്ഞാതർ ബോംബെറിഞ്ഞത്. ആക്രമണ സമയത്ത് വിട്ടീൽ ആരും ഉണ്ടായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാന യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബി.ജെ.പി എം.പി വി മുരളീധരന്റെ തലശ്ശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. തലശ്ശേരി എരഞ്ഞോളി വാടിയിൽ പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഷംസീറിന്റെ വീടിന് ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടത്.
കണ്ണൂരിൽ സംഘർഷാവസ്ഥ തുടരുകയാണ്. സി.പി.എം നേതാക്കളുടെ വീടുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായി. പി. ശശിയുടെ വീടിന് നേരെയും ബോംബേറ് ഉണ്ടായി. ഇരിട്ടിയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഹർത്താലിൽ തലശ്ശേരി മേഖലയിൽ സി.പി.എം- ബിജെപി നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിനെ തുടർന്ന് എസ്.പി വിളിച്ച് ചേർത്ത സമാധാന യോഗം നടക്കുമ്പോഴാണ് ഷംസീറിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്.
ആർ.എസ്.എസും ബി.ജെ.പിയും കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എന്റെ വീടിന് നേരെയുണ്ടായ ആക്രമണം. ചർച്ച നടന്നുകൊണ്ടിരിക്കുമ്പോഴാണ് വീട്ടിലേക്ക് ബോംബെറിഞ്ഞ വിവരം അറിയുന്നത്. ഇത് ആർ.എസ്.എസ് സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണെന്നും ഷംസീർ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സംഘർഷ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.