dirham-

ദുബായ്: കറൻസി നോട്ടുകൾ നിലത്തിട്ട് ചവിട്ടിയ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത രണ്ടു പ്രവാസികളെ ദുബായി പൊലീസ് അറസ്റ്റുചെയ്തു. വാഹനത്തിൽ വച്ച് ആയിരം ദിർഹത്തിന്റെ നോട്ടുകൾ വലിച്ചെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. വാഹനം ഓടിച്ചിരുന്നയാൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. ഇരുവരെയും പൊലീസ് പിടികൂടി.

പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിരവധിപേർ സംഭവത്തിൽ പരാതി അറിയിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ദുബായ് പൊലീസ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ കേണൽ ഫൈസൽ അൽ ഖാസിം അറിയിച്ചു.

സോഷ്യൽ മീഡിയ ശ്രദ്ധയോടെ ഉപയോഗിക്കണമെന്നും പ്രാദേശികമായ മൂല്യങ്ങൾക്കും സംസ്കാരത്തിനും പാരമ്പര്യങ്ങൾക്കും എതിരായ പോസ്റ്റുകൾ ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു. ഇത്തരം പ്രവൃത്തികൾ യു.എ.ഇ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്.