കൊച്ചി: നടനും സംവിധായകനുമായ സൗബിൻ ഷാഹിർ അറസ്റ്റിലായെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വിശദീകരിച്ച് പിതാവ് ബാബു ഷാഹിർ. കൊച്ചിയിലെ ഫ്ലാറ്റിലുണ്ടായ പാർക്കിംഗ് തർക്കത്തെച്ചൊല്ലി സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിൽ സൗബിനെ അറസ്റ്റ് ചെയ്തെന്നായിരുന്നു വാർത്ത പ്രചരിച്ചിരുന്നത്.
എന്നാൽ ഇത് രണ്ടുമാസം മുൻപ് നടന്ന സംഭവമാണെന്നും അന്ന് കേസ് ഒത്തുതീർപ്പായതാണെന്നും ബാബു ഷാഹിർ പറയുന്നു. സൗബിൻ ഇപ്പോൾ ദുൽഖർ സൽമാൻ നായകനായ ഒരു യെമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണെന്നും പ്രചരിക്കുന്നതെല്ലാം വ്യാജ വാർത്തകളാണെന്നും അദ്ദേഹം അറിയിച്ചു.
എറണാകുളം തേവരയിലെ ചാക്കോളാസ് ഫ്ലാറ്റിന് മുന്നിൽ സൗബിൻ കാർ പാർക്ക് ചെയ്യാൻ ശ്രമിച്ചതിനെത്തുടർന്നാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായതെന്നും തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ പരാതിയിൽ ഉറച്ചുനിന്നതോടെ സൗബിനെ അറസ്റ്റ് ചെയ്തെന്നുമായിുന്നു ചില മാദ്ധ്യമങ്ങളിൽ പ്രചരിച്ച വാർത്ത.