തിരുവനന്തപുരം : ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നുള്ള അക്രമങ്ങൾക്ക് ശമനമില്ല. തലശേരിയിൽ സി.പി.എം - ബി.ജെ.പി നേതാക്കളുടെ വീടിനു നേരെ ബോംബേറുണ്ടായി. ബി.ജെ.പി നേതാവ് വി. മുരളീധരൻ എം.പി, സി.പി.എം നേതാവ് എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം മുൻ ജില്ലാസെക്രട്ടറി പി. ശശി എന്നിവരുടെ വീടുകളിലേക്കാണ് ഇന്നലെ രാത്രി ബോംബേറുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് വി. മുരളീധരൻ എം.പിയുടെ തലശ്ശേരി എരഞ്ഞോളി വാടിയിൽപീടികയിലെ തറവാട്ടു വീടിനു നേരെ ബോംബേറുണ്ടായത്. വാഹനത്തിലെത്തിയ അക്രമികൾ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
രാത്രി ഏഴോടെ ആർ.എസ്.എസ് കണ്ണൂർ വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ തലശ്ശേരി തിരുവാങ്ങാട്ടെ 'മാരുതി" എന്ന വീടിന് നേരെ ആക്രമണമുണ്ടായി. അക്രമി സംഘം ചന്ദ്രശേഖരനെയും മകൾ മീനയെയും ക്രൂരമായി മർദ്ദിച്ചു. ഇതിനു തിരിച്ചടി എന്നോണമാണ് രാത്രി പത്തിന് ഷംസീറിന്റെ വീട് ആക്രമിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് ബോംബെറിഞ്ഞത്. സംഭവ സമയം അദ്ദേഹം തലശേരിയിലെ സമാധാന യോഗത്തിലായിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.
രാത്രി 11നായിരുന്നു ബൈക്കിലെത്തിയ അക്രമി സംഘം പി. ശശിയുടെ തലശ്ശേരി കോടതിയ്ക്ക് സമീപത്തെ വീടിനു നേരെ ബോംബെറിഞ്ഞത്. സംഭവ സമയത്ത് ശശി വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ വീടിന്റെ ചില്ലുകൾ തകർന്നു. ഇരിട്ടിയിൽ നടന്ന സംഘർഷത്തിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. പരിക്കേറ്റ പെരുമ്പറമ്പിലെ വി.കെ. വിശാഖിനെ (28) കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ കണ്ണൂരിൽ അക്രമം വ്യാപിക്കുകയാണ്. അവധിയിൽ പോയ പൊലീസുകാരെ ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. കണ്ണൂർ പുതിയതെരുവിൽ ബി.ജെ.പി ഓഫീസിനു നേരെ ഒരു സംഘം പെട്രോൾ ബോംബെറിഞ്ഞു. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഓഫീസിനു തീപിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു. കാസർകോട് മഞ്ചേശ്വരത്ത് പോപ്പുലർ ഫ്രണ്ട് ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു.
അക്രമം വ്യാപിക്കുന്നതിനാൽ കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കൂടുതൽ സേനയെ വിന്യസിച്ചു.
പാലക്കാട് ഒറ്റപ്പാലത്ത് കോൺഗ്രസ് ബ്ളോക്ക് സെക്രട്ടറി എസ്.ആർ.കെ നഗർ നെല്ലുളിയിൽ എൻ.കെ. കൃഷ്ണൻകുട്ടിക്ക് വെട്ടേറ്റു. ആക്രമണത്തിനു പിന്നിൽ ഡി.വൈ.എഫ്.ഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു.
പത്തനംതിട്ട അടൂരിൽ ബി.ജെ.പി - സി.പി.എം സംഘർഷങ്ങൾക്കു പിന്നാലെ ഹർത്താൽ ദിവസം രാത്രി സി.പി.എം നേതാവിന്റേത് ഉൾപ്പെടെ ആറും, ബി.ജെ.പി അനുഭാവികളുടെ എട്ടും വീടുകൾ ആക്രമണത്തിന് ഇരയായി.
സി.പി.എം ഏരിയ കമ്മിറ്റി അംഗം മൂന്നാളം രവീന്ദ്രന്റെ വീടിന് നേരെ ഇന്നലെ രാത്രി 10ന് ബോംബെറിഞ്ഞു. പരിക്കേറ്റ രവീന്ദ്രനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊബൈൽ കടയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ കടഉടമ ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. അടൂർ താലൂക്കിൽ കളക്ടർ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിരുവനന്തപുരത്ത് നെടുമങ്ങാട്ടും നെയ്യാറ്റിൻകരയിലുമാണ് അക്രമമുണ്ടായത്. നെടുമങ്ങാട് നഗരസഭാ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരികേശൻ നായരുടേത് ഉൾപ്പെടെ അഞ്ചു വീടുകൾ തകർത്തു. നെയ്യാറ്റിൻകരയിൽ സി.പി.എം ഏരിയാ കമ്മിറ്രി ഓഫീസിനു നേരെ പുലർച്ചെ പെട്രോൾ ബോംബ് എറിഞ്ഞു. മലയിൻകീഴ് ബി.എസ്.എൻ.എല്ലിന് സമീപം സ്വകാര്യ സ്കൂൾ വളപ്പിൽ നിന്ന് മൂന്ന് ബോംബുകൾ പൊലീസ് കണ്ടെടുത്തു. ഇവ പിന്നീട് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.
ബുധനാഴ്ചയും വ്യാഴാഴ്ചയും പകൽ മുഴുവൻ തെരുവുയുദ്ധം നടന്ന സെക്രട്ടേറിയറ്ര് പരിസരം ഇന്നലെ ശാന്തമായിരുന്നു.
രാവിലെ എസ്.ഡി.പി.ഐയും പിന്നാലെ എഫ്.എസ്.ഇ.ടി.ഒയും പ്രതിഷേധ പ്രകടനവുമായി എത്തിയെങ്കിലും ബി.ജെ.പിയുടെ സമരപ്പന്തലിന് സമീപം എത്താതെ പൊലീസ് വഴി തിരിച്ചുവിട്ടു.