തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തെ തുടർന്നുണ്ടായ തുടർച്ചയായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, തലസ്ഥാനത്ത് 24 മണിക്കൂറും പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്. സംസ്ഥാനത്തെവിടെയും പ്രശ്നങ്ങളുണ്ടായാൽ തലസ്ഥാനത്ത് പൊടുന്നനെ മാർച്ചും പ്രതിഷേധവും അക്രമവുമുണ്ടാകാനിടയുള്ളതിനാൽ മൂന്നുദിവസം കൂടി അതീവജാഗ്രത പാലിക്കാൻ സേനാംഗങ്ങൾക്ക് സിറ്രി പൊലീസ് കമ്മിഷണർ പി. പ്രകാശ് നിർദ്ദേശം നൽകി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെല്ലാം സുരക്ഷ കൂട്ടി. എ.കെ.ജി സെന്ററിനും ബി.ജെ.പി, സി.പി.എം ഓഫീസുകൾക്കും കർശനസുരക്ഷ ഏർപ്പെടുത്തി.
നഗരത്തിലെവിടെയെങ്കിലും അക്രമമുണ്ടായാൽ നേരിടാൻ ദ്രുതകർമ്മ സേനയ്ക്ക് സമാനമായി, 200 അംഗ സംഘത്തെ സജ്ജരാക്കി നിറുത്തിയിരിക്കുകയാണ്. ആംഡ് റിസർവ് ബറ്റാലിയൻ, എ.ആർ ക്യാമ്പ് എന്നിവിടങ്ങളിൽ നിന്നുള്ള സംഘത്തിന്റെ നിയന്ത്രണം കമ്മിഷണർക്കാണ്. അക്രമമേഖലകളിൽ പൊടുന്നനെ ഇവരെ വിന്യസിക്കും. റിസർവ് ഫോഴ്സ്, സ്ട്രൈക്കർ സംഘം, ക്യാമ്പ് പൊലീസ് എന്നിവർക്ക് പുറമെയാണ് ഈ 200 അംഗ സംഘം. സെക്രട്ടേറിയറ്റിനു മുന്നിൽ കൂടുതൽ പൊലീസിനെയും വനിതാ ബറ്രാലിയൻ അംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. സ്റ്റേഷനുകളിലെ കുറ്രാന്വേഷണത്തിന്റെ ചുമതലയുള്ള പൊലീസുകാരെ സിറ്റി സ്ക്വാഡിലേക്ക് ഉൾപ്പെടുത്തി. പ്രതികളെ കോടതികളിൽ ഹാജരാക്കുന്ന ചുമതലയുള്ള പൊലീസുകാരെയും അക്രമം നേരിടാൻ വിളിച്ചിട്ടുണ്ട്.
രാത്രിയിൽ പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. രാത്രിയിൽ നഗരത്തിന്റെ മുക്കുംമൂലയും പൊലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എ.കെ.ജി സെന്ററിന്റെ മുൻപിലടക്കം പ്രധാന റോഡുകൾ ബാരിക്കേഡ് ഉപയോഗിച്ച് അടച്ചുള്ള പരിശോധനയുമുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്.
കമ്മിഷണറുടെ സ്ട്രൈക്കർ സംഘവും ദ്രുതകർമ്മസേനയും സായുധ പൊലീസും കാവലിനുണ്ട്. രാത്രിയിലും പ്രതിഷേധ പ്രകടനങ്ങളുണ്ടാകുന്നതിനാൽ സെക്രട്ടേറിയറ്റിന് 24 മണിക്കൂറും സുരക്ഷയൊരുക്കുന്നുണ്ട്.
ബി.ജെ.പിയുടെ സമരപ്പന്തലിനുള്ള സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. രാത്രിയിൽ സെക്രട്ടേറിയറ്റിനു മുന്നിലൂടെയുള്ള ഗതാഗതം ഒരുപാതയിലൂടെയാക്കി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികൾക്കും യാത്രയ്ക്കും പരിപാടികൾക്കും സുരക്ഷ വർദ്ധിപ്പിച്ചു.
രാത്രിയിൽ പ്രത്യേക സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിട്ടുള്ളത്. നിരീക്ഷണവും പട്രോളിംഗും കൂടുതൽ ശക്തമാക്കി. നഗരത്തിലേക്കുള്ള പ്രവേശനകവാടങ്ങൾ സീൽ ചെയ്തുള്ള പരിശോധന തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞദിവസം അക്രമം നടത്തിയവരെ പിടികൂടാൻ പ്രത്യേക പരിശോധനകൾ ഇതിനുപുറമേയുണ്ട്. പൊലീസ് സാന്നിദ്ധ്യം പരമാവധി ഉറപ്പാക്കാൻ ലക്ഷ്യമിട്ട് രാത്രിയിൽ 300 പൊലീസുകാരെ നഗരത്തിലുടനീളം വിന്യസിക്കും. രാത്രിയിലെ വാഹനപരിശോധന ശക്തമാക്കാൻ കമ്മിഷണർ നിർദ്ദേശിച്ചു. സിറ്റി പൊലീസിൽ ലഭ്യമായ പരമാവധി അംഗങ്ങളെയും സുരക്ഷ ഉറപ്പാക്കാനായി നിയോഗിച്ചിട്ടുണ്ട്.
ഹർത്താലിൽ അക്രമം കാട്ടിയവരെ പിടികൂടാൻ പൊലീസ് വാണ്ടഡ് ലിസ്റ്റ് പുറത്തിറക്കും. ഈ ആൽബം എല്ലാ പൊലീസുദ്യോഗസ്ഥരുടെയും ഫോണുകളിൽ അയയ്ക്കും. പൊതുസ്ഥലത്ത് പ്രതിഷേധവും അക്രമങ്ങളും നടത്തുന്നവരുടെ വ്യക്തതയുള്ള ചിത്രങ്ങൾ ആൽബമായി പുറത്തിറക്കാനാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം.
ആശ്വാസം
ഹർത്താൽ ദിനത്തിലെ അക്രമത്തിനു ശേഷം ഇന്നലെ പകൽ നഗരം ശാന്തമായിരുന്നു. പ്രതിഷേധ മാർച്ചുകളൊഴിച്ച് അക്രമങ്ങളുണ്ടായില്ല. അക്രമികളെ പിടികൂടാനുള്ള ഓപ്പറേഷൻ 'ബ്രോക്കൺവിൻഡോ' തുടരുകയാണ്.
വെല്ലുവിളി
റൂറലിൽ അക്രമവും ബോംബേറും തുടരുകയാണ്. ഏത് ജില്ലയിൽ പ്രശ്നമുണ്ടായാലും നഗരത്തിൽ പ്രതിഷേധവും അക്രമവുമുണ്ടാകാം. രാത്രിയിലും സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമുള്ളതിനാൽ 24 മണിക്കൂറും ജാഗ്രത വേണം.
109 പേരാണ് നഗരത്തിൽ അറസ്റ്റിലായത്. ഇതിൽ 92 പേർ കരുതൽ തടങ്കലിലാണ്.3 കേസുകൾ രജിസ്റ്റർ ചെയ്തു.
തലസ്ഥാനത്തെ സുരക്ഷയിൽ ചാൻസ് എടുക്കാൻ പറ്റില്ല. അതിനാൽ 24 മണിക്കൂറും പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാത്രിയിലും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.
പി. പ്രകാശ് (സിറ്റി പൊലീസ് കമ്മിഷണർ)