തിരുവനന്തപുരം: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നഗരത്തിന് പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിലേക്കായി നിങ്ങളുടെ അഭിപ്രായം നേരിട്ടറിയിക്കണോ? പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ടറിഞ്ഞ് നഗരത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നഗരസഭയുടെ ഹൈടെക് പദ്ധതി. ജനങ്ങൾ പരാതികളും നിർദ്ദേശങ്ങളും നേരിട്ട് മേയറെ അറിയിക്കുന്നതിനായി മാസ്റ്റർ പ്ലാൻ പദ്ധതിയുമായി ബന്ധപ്പെട്ട് മൊബൈൽ ആപ്പും വെബ് പേജും ആരംഭിക്കാനൊരുങ്ങുകയാണ് അധികൃതർ.
പഴയ മാസ്റ്റർ പ്ലാൻ അനുസരിച്ച് കാട്ടായിക്കോണം, ആറ്റിപ്ര, ചന്തവിള പ്രദേശങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കലുണ്ടാകുമെന്ന പ്രചാരണത്തെ തുടർന്ന് വ്യാപകപ്രതിഷേധവും സമരവും നടന്നിരുന്നു. ഇതിനെത്തുടർന്നാണ് ജനകീയ മാസ്റ്റർ പ്ലാൻ ഒരുക്കാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ നേരിട്ടറിയാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സാങ്കേതികമായ ചില മാറ്റങ്ങൾ കൂടി വരുത്തിയശേഷം ഇവ പൊതുജനങ്ങൾക്കായി സമർപ്പിക്കും.
നിലവിൽ ഭൂവിനിയോഗ സർവേ നടക്കുകയാണ്. കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഞാണ്ടൂർക്കോണം, പൗഡിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം എന്നീ വാർഡുകളിലാണ് ആദ്യഘട്ട സർവേ നടക്കുന്നത്. നിലവിലുള്ള ഭൂമിയുടെ വിനിയോഗം സംബന്ധിച്ച വിവരശേഖരണം നടത്തുകയാണ് സർവേ പ്രവർത്തനത്തിലൂടെ നടക്കുന്നത്.
റവന്യൂ വകുപ്പിന്റെ കെഡസ്ട്രൽ ഭൂപടത്തിൽ ഈ വിവരങ്ങൾ രേഖപ്പെടുത്തും. തിരഞ്ഞെടുത്ത 130 സർവേ വോളന്റിയർമാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഭൂവിഭവ - സാമൂഹ്യ - സാമ്പത്തിക സർവേയും പൂർത്തിയാക്കി ഫെബ്രുവരിയിൽ ഡ്രാഫ്റ്റ് കൺസപ്റ്റ് തയ്യാറാക്കുന്നതിനും ഒക്ടോബറിൽ ഡ്രാഫ്റ്റ് മാസ്റ്റർ പ്ലാൻ പൂർത്തിയാക്കാനും തീരുമാനമായി.
47 വർഷത്തിനൊടുവിൽ
നഗരത്തിലെ കെട്ടിടനിർമാണവും വികസന പ്രവർത്തനങ്ങളും ഉൾപ്പെടെ അടുത്ത 20 വർഷക്കാലം എങ്ങനെ നടപ്പിലാക്കണമെന്നത് സംബന്ധിച്ച വിശദ റിപ്പോർട്ടാണ് മാസ്റ്റർ പ്ലാൻ കൊണ്ട് ഉദ്ദേശിക്കുന്നത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നത്. 1971ലാണ് അവസാനമായി നഗരത്തിന് വേണ്ടി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. 2013ൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെങ്കിലും വിവാദങ്ങളെ തുടർന്ന് റദ്ദാക്കി. കഴിഞ്ഞ വർഷം അവസാനം സർക്കാർ പുറപ്പെടുവിച്ച ഇടക്കാല വികസന ഉത്തരവാണ് മാസ്റ്റർ പ്ലാനിന് പകരമായി ഇപ്പോൾ ഉപയോഗിക്കുന്നത്.
തിരുവനന്തപുരം മാസ്റ്റർ പ്ളാൻ നാൾവഴികൾ
1971 - ആദ്യത്തെ അംഗീകൃത മാസ്റ്റർ പ്ളാൻ നിലവിൽ വന്നു
1993 - പ്ളാൻ പുനഃക്രമീകരിച്ചെങ്കിലും നടപ്പിലായില്ല
2013 - കരട് മാസ്റ്രർ പ്ളാൻ പ്രസിദ്ധീകരിച്ചെങ്കിലും ജനകീയ
പ്രക്ഷോഭങ്ങൾ മൂലം പിൻവലിക്കേണ്ടി വന്നു
2015 - തിരുവനന്തപുരം നഗരസഭയെ കേന്ദ്ര സർക്കാരിന്റെ
'അമൃത് " പദ്ധതിയിൽ ഉൾപ്പെടുത്തി
2017 - ഇടക്കാല വികസന ഉത്തരവ് നിലവിൽ വന്നു
2017 - ഡിസംബർ - മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കൗൺസി
ൽ തീരുമാനം. തുടർന്ന് സ്പെഷ്യൽ കമ്മിറ്റിയും വർക്കിം
ഗ് ഗ്രൂപ്പുകളും രൂപീകരിച്ചു.
2018 - നവംബർ - മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നടപടി
2018 - ഡിസംബർ 12 - സർവേ ആരംഭിച്ചു
'കുറ്റമറ്റ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് സർവേ പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുള്ള വോളന്റിയർമാർക്ക് കൃത്യമായ വിവരം നൽകുന്നതിന് എല്ലാവരും സഹകരിക്കണം'. വി.കെ. പ്രശാന്ത്, (മേയർ)