തിരുവനന്തപുരം: പഠിക്കാനുള്ള പാഠഭാഗം ഹ്രസ്വചിത്രമാക്കി ഒരു കൂട്ടം മിടുക്കർ. വൈക്കം മുഹമ്മദ് ബഷീറിന്റെ അതിപ്രശസ്തമായ 'ഒരു മനുഷ്യൻ" എന്ന ചെറുകഥയ്ക്കാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ ദൃശ്യഭാഷ്യം പകർന്നത്. ഏഴാംക്ലാസ് അടിസ്ഥാന പാഠാവലി മലയാളം പുസ്തകത്തിലാണ് 'ഒരു മനുഷ്യൻ" ഉൾപ്പെടുത്തിയിട്ടുള്ളത്. കഥയെ അധികരിച്ച് തിരക്കഥ ഒരുക്കിയതും സംവിധാനം ചെയ്യുന്നതും അഭിനയിക്കുന്നതുമെല്ലാം വിദ്യാർത്ഥികളാണ്. സ്കൂൾ പാഠ്യപദ്ധതിയിലുള്ള വിവിധ ഭാഗങ്ങളെ അധികരിച്ച് ദൃശ്യവത്കരിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ 'ഒരു മനുഷ്യൻ" ഹ്രസ്വചിത്രമാക്കുന്നത്. 15 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ജനുവരി 21ന് ബഷീറിന്റെ 111-ാംജന്മദിനത്തിൽ ആദ്യപ്രദർശനം നടത്തും.
ചിത്രീകരണം ബഷീറിന്റെ ബേപ്പൂരിലെ വീട്ടിൽ
ബേപ്പൂരിലെ ബഷീറിന്റെ വീട്ടിലാണ് ഒരു മനുഷ്യന്റെ ചിത്രീകരണം നടന്നത്. വീടും 'ഭൂമിയുടെ അവകാശികൾ" എന്ന കഥയിലെ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന പറമ്പും മാങ്കോസ്റ്റീൻ മരവും ബഷീറിന്റെ ചാരുകസേരയുമെല്ലാം ഹ്രസ്വചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഫയാസ് റഹ്മാനാണ് ബഷീറായി അഭിനയിക്കുന്നത്. ബഷീറിന്റെ മകൻ അനീസ് ബഷീർ, ചെറുമക്കളായ നസീം, വസീം എന്നിവരും ചിത്രത്തിന്റെ ചില രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആദിത്യനാണ് തിരക്കഥ ഒരുക്കിയത്.
ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ മിഥുൻ രാമും അരുണും സിനിമാട്ടോഗ്രാഫിയും സ്റ്റിൽ ഫോട്ടോയും കൈകാര്യം ചെയ്യുന്നു.
ഏഴാം ക്ലാസുകാരായ മുഹമ്മദ് റൈഹാൻ, ഭവ്യകുമാർ, ഫജാസ് റഹ്മാൻ, ശ്യാം .എസ്, കാർത്തിക്.കെ, മാധവ് അഭിജിത്ത് .എൽ, അഭിജിത്ത് .എസ്, അക്ഷയ് .എച്ച്, അശ്വിൻ, ഡിനോയി, രോഹിത്ത് കൃഷ്ണ, ശ്രീകാന്ത് .എസ്, ഋഷി .വി.എം, ഷാരോൺ .എൻ, ഫദീൻ, വൈഷ്ണവ് .ബി.എച്ച്, മുഹമ്മദ് നബിൻ, ജോയേൽ ടോമി, ഷൈൻ, എബി, അക്ഷയ് .വി.എം, ആസിഷ് .എസ്.എസ്, അശ്വൻ പ്രസാദ്, ജെഫ് മാർട്ടിൻ തുടങ്ങി 27 പേർ ചിത്രത്തിൽ അഭിനയിക്കുന്നു. ക്ലാസ് അദ്ധ്യാപകൻ ജോൺ ഷൈജുവിന്റെ മേൽനോട്ടത്തിലാണ് ചിത്രീകരണം.
ലിറ്റിൽ കൈറ്റ്സ് വിഭാഗത്തിന്റെ സാങ്കേതിക സഹകരണത്തോടെ നിർമ്മിക്കുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾക്ക് പ്രിൻസ് രാജ്, സാജൻ ജോർജ് ബിജോ ഗീവർഗീസ്, ജോൺ ബോസ്കോ എന്നീ അദ്ധ്യാപകരുടെ സഹകരണമുണ്ട്. എസ്.സി.ഇ.ആർ ടി. പാഠപുസ്തക കമ്മിറ്റി അംഗമായിരുന്ന ബിന്നി സാഹിതിയാണ് ഗവേഷണ സഹായം നൽകുന്നത്.