ഉള്ളൂർ : മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാലിന്യങ്ങൾ ഒഴിഞ്ഞ പ്രദേശത്ത് കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. ഈ പരിസരത്ത് എവിടെത്തിരിഞ്ഞാലും മാലിന്യക്കൂന ദൃശ്യമാണ്. വാർഡുകളിൽ ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ബയോ ഗ്യാസ് പ്ലാന്റിൽ നിക്ഷേപിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ അവകാശവാദം. എന്നാൽ പ്ലാസ്റ്റിക് പേപ്പറുകളിലും മറ്റും പൊതിഞ്ഞു കൊണ്ട് വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ പ്ലാസ്റ്റിക് ബാഗുകളിൽ ശേഖരിച്ച് മാതൃ ശിശു മന്ദിരത്തിന് പിന്നിലെത്തിച്ച് കൂട്ടിയിട്ട് കത്തിക്കുകയാണ്.
രാത്രി കാലത്ത് ഈ പ്രദേശങ്ങളിൽ മഞ്ഞു കൂടിയതിനാൽ പുക മുകളിലേക്ക് ഉയരാതെ തങ്ങി നിൽക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ശ്വാസതടസം അനുഭവപ്പെടുന്ന നിരവധി സമീപവാസികൾ ഇതിനോടകം ചികിത്സ തേടിയിട്ടുണ്ട്. വർഷങ്ങളായി വിഷപ്പുക ശ്വസിക്കുന്നവർക്ക് കാൻസർ ഉൾപ്പെടെയുള്ള മാരക അസുഖങ്ങൾ പിടിപെടുമെന്ന ആശങ്കയിലുമാണ്.
പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയാൽ എത്രയും പെട്ടെന്ന് ഇൻസിനറേറ്റർ സംവിധാനം സ്ഥാപിക്കുമെന്ന് ഉറപ്പു നൽകി മടക്കി അയയ്ക്കാറാണ് പതിവ്. പ്രതിഷേധിക്കുന്ന നാട്ടുകാരെ കള്ളക്കേസിൽ കുടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും ആക്ഷേപമുണ്ട്.
മെഡിക്കൽ കോളേജിലെ ഏക ഇൻസിനറേറ്റർ എസ്.എ.ടി ആശുപത്രി വളപ്പിലാണുള്ളത്. നിലവിൽ മെഡിക്കൽ കോളേജിൽ നിന്നുള്ള ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശരീര ഭാഗങ്ങൾ, മറ്റ് ബയോ മെഡിക്കൽ മാലിന്യങ്ങൾ എന്നിവയും ഇവിടെയാണ് നശിപ്പിക്കുന്നത്. എസ്.എ.ടി ആശുപത്രിയിലെ മാലിന്യങ്ങളും മെഡിക്കൽ കോളേജ് ആശുപത്രിയിലെ മറ്റ് മാലിന്യങ്ങളും ഇവിടെയാണ് കത്തിച്ചു കളയുന്നത്. ബദൽ സംവിധാനം ഒരുങ്ങുന്നതുവരെ സ്ത്രീകളെയും കുട്ടികളെയും മുന്നിൽ നിറുത്തി ശക്തമായ സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.
ദുരിതത്തിലായത് ഇവർ
സമീപത്തെ ജനവാസ പ്രദേശമായ കൊക്കണത്തല നിവാസികൾ, സി-ക്വാർട്ടേഴ്സിലെ താമസക്കാർ, വിവിധ സ്ഥലങ്ങളിൽ നിന്ന് പഠനാവശ്യത്തിനും മറ്റുമായി ലേഡീസ് ഹോസ്റ്റലിൽ അന്തിയുറങ്ങുന്നവർ, എസ്.എ.ടി ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന നവജാത ശിശുക്കൾ ഉൾപ്പെടെയുള്ളവരുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലാണ് വിഷപ്പുക വമിക്കുന്നത്.