തിരുവനന്തപുരം: ശംഖുംമുഖത്തെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇ -ടോയ് ലറ്റുകൾ വൃത്തിഹീനമായ അവസ്ഥയിലാണെന്നുള്ള രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ടോയ് ലറ്റുകളുടെ നിർമ്മാതാക്കളും മേൽനോട്ട ചുമതല വഹിക്കുന്നവരുമായുള്ള ഇറാം സയന്റിഫിക് സൊല്യൂഷൻസ് അധികൃതർ. ശംഖുംമുഖത്ത് എം.പി ഫണ്ടിൽ നിർമ്മിച്ച ഒന്നും, വനിത വികസന കോർപറേഷന്റെ ചെലവിൽ നിർമ്മിച്ച രണ്ടും ടോയ്ലറ്റുകളാണുള്ളത്. ഉപയോഗത്തിന് മുമ്പും ശേഷവും തനിയെ പ്രവർത്തിക്കുന്ന ആട്ടോ ഫ്ലാഷ്, നിശ്ചിത ഇടവേളകളിൽ ടോയ ്ലറ്റിനകം വൃത്തിയാക്കാൻ തനിയെ പ്രവർത്തിക്കുന്ന ആട്ടോമാറ്റിക് ഫ്ലോർ വാഷ് എന്നീ ആട്ടോമാറ്റിക് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ടോയ് ലറ്റ് എങ്ങനെയാണ് വൃത്തിഹീനമായ സാഹചര്യത്തിലാവുകയെന്നാണ് അധികൃതർ ചോദിക്കുന്നത്.
ടോയ് ലറ്റിനുള്ളിലെ ജി.പി.ആർ.എസ് സാങ്കേതിക വിദ്യ വഴി ഇവയുടെ പ്രവർത്തനം വിലയിരുത്താൻ സാധിക്കും. യന്ത്രത്തകരാറുകൾ ഉണ്ടായാൽ അവ ഉടൻ പരിഹരിക്കാൻ നടപടികളും സ്വീകരിക്കാറുണ്ടെന്ന് അധികൃതർ പറയുന്നു. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനസജ്ജമായ ഹെൽപ്പ്ലൈൻ സംവിധാനം ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം. ക്യൂ.ആർ കോഡ് സംവിധാനത്തിലൂടെ ഓൺലൈൻ സംവിധാനത്തിലൂടെയും പരാതി അറിയിക്കാവുന്നതാണ്. കൂടാതെ ഫ്ലോർ വൃത്തിഹീനമാണെങ്കിൽ ടോയ് ലറ്റിൽ സ്ഥാപിച്ചിരിക്കുന്ന അലർട്ട് ബട്ടൺ പ്രസ് ചെയ്ത് വിവിരം സർവീസ് സെന്ററിന്റെ ശ്രദ്ധയിൽപ്പെടുത്താം. സെൻസർ അധിഷ്ഠിത ജല വൈദ്യുത ഉപയോഗ നിയന്ത്രണ സംവിധാനം, സീലിംഗ് ലൈറ്റ്, എക്സ്ഹോസ്റ്റ് ഫാൻ, വെള്ളത്തിനായി ഓവർ ഹെഡ് ടാങ്ക്, നാപ്കിൻ ലഭിക്കുന്ന നാപ്കിൻ വെൻഡിംഗ് മെഷീൻ, ഉപയോഗിച്ച നാപ്കിൻ ടോയ് ലറ്റിന് അകത്ത് വച്ച് തന്നെ നശിപ്പിക്കുന്ന നാപ്കിൻ ഡിസ്ട്രോയർ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്. സാധാരണ ഗതിയിൽ ഇ -ടോയ് ലറ്റുകൾക്ക് ആറ് മാസമാണ് സൗജന്യ പരിപാലന കാലാവധി. കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് തുടർ പരിപാലനത്തിനായി വാർഷിക പരിപാലന കരാറിൽ ഏർപ്പെട്ട് ഇറാം സയിന്റിഫിക്കിന്റെ സേവനം തുടർന്നും ലഭ്യമാക്കുന്നുണ്ട്. അത് വഴി ഇ- ടോയ്ലറ്റുകളുടെ കൃത്യമായ പരിപാലനം, സർവീസ് എൻജിനിയറുടെ സേവനം, കൃത്യമായ വൃത്തിയാക്കൽ, ഓൺലൈൻ മോണിട്ടറിംഗ് എന്നിവ ലഭ്യമാക്കുന്നു. രാജ്യത്തെ ആദ്യ ഇ - ടോയ്ലറ്റ് നിർമ്മാതാക്കളാണ് ഇറാം സയന്റിഫിക് സൊല്യൂഷൻസ്.
എങ്ങനെ ഉപയോഗിക്കണം
ഇ - ടോയ് ലറ്റുകൾ എങ്ങനെ ഉപയോഗിക്കണമെന്ന കാര്യത്തിൽ ഇന്നും പലർക്കും വ്യക്തതയില്ല. ഇത് തന്നെയാണ് പല ഇ -ടോയ് ലറ്റുകളും വൃത്തിഹീനമാകാനുള്ള പ്രധാന കാരണം. ടോയ ്ലറ്റ് ഉപയോഗയോഗ്യമാണെന്നുള്ള പച്ച നിറത്തിലുള്ള ലൈറ്റ് തെളിഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
ചുവന്ന ലൈറ്റാണ് തെളിഞ്ഞിട്ടുള്ളതെങ്കിൽ പച്ച വെളിച്ചത്തിനായി കാത്തിരിക്കുക. നാണയം ഇടുക അല്ലെങ്കിൽ ബട്ടൺ അമർത്തുക.വാതിൽ തള്ളിത്തുറക്കുക, കയറി ഉപയോഗിക്കുക.ഫ്ലഷ് ചെയ്യുന്നതിനുള്ള ബട്ടൺ അമർത്തുക.ശേഷം വാതിൽ തുറന്ന് പുറത്തിറങ്ങി, വാതിൽ വീണ്ടും അടയ്ക്കുക. ആട്ടോമാറ്റിക് ക്ലീനിംഗിനായാണിത്.