തിരുവനന്തപുരം: ഓല മേഞ്ഞ ടാക്കീസ്, നസീറിന്റെ നല്ല ഉഗ്രൻ സിനിമാ ഗാനങ്ങൾ പശ്ചാത്തലത്തിൽ മുഴങ്ങി കേൾക്കുന്നു. സിനിമ കാണാൻ എത്തുന്നവർക്ക് സൈക്കിൾ പാർക്ക് ചെയ്യാൻ പ്രത്യേക സ്ഥലം, ഓലമേഞ്ഞ ചായക്കട.
ടിക്കറ്റ് കൗണ്ടറിൽ നിന്ന് 75 പൈസയുടെ തറ ടിക്കറ്റും ഒന്നര രൂപയുടെ ബെഞ്ച് ടിക്കറ്റും മൂന്നു രൂപയുടെ കസേര ടിക്കറ്റും വാങ്ങാം. കോളാമ്പിയിലൂടെയുള്ള പ്രദർശന തുടക്കമറിയിപ്പ്, കറുത്ത തുണികൊണ്ടുള്ള പ്രധാന വാതിലിലെ മറവും തട്ടി അടിച്ച വാതിലുമെല്ലാമുള്ള സിനിമാ കൊട്ടക. സിനിമയ്ക്കിടെ ആസ്വദിക്കാൻ നാരങ്ങ മിഠായി, കപ്പലണ്ടി മിഠായി, ഉപ്പിലിട്ട മാങ്ങ, പരിപ്പുവട, പഴം തുടങ്ങിയവയൊക്കെ വാങ്ങി ഷീലയും നിത്യ ഹരിത നായകൻ നസീറും ചേർന്ന് അഭിനയിച്ച ഉഗ്രൻ സിനിമ 'അഗ്നിപുത്രി' കണ്ടു. അറുപതുകളിൽ എത്തിപ്പെട്ടതായി തോന്നുന്നുണ്ടോ? സംശയിക്കണ്ട അറുപത് വർഷം പിന്നോട്ട് പോയി അന്നത്തെ മലയാള സിനിമ പ്രദർശം എങ്ങനെയായിരുന്നുവെന്ന് ഇന്നത്തെ പുതുതലമുറയ്ക്ക് അനുഭവിച്ചറിയാൻ തൈക്കാട് ഭാരത് ഭവൻ ഒരുക്കിയ സുവർണാവസരം സിനിമാ ആസ്വാദകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
പ്രേംനസീറിന്റെ 30-ാം ചരമവാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനും ചലച്ചിത്ര അക്കാഡമിയും പ്രേംനസീർ സുഹൃത് സമിതിയും സംയുക്തമായാണ് അഞ്ച് ദിവസം നീളുന്ന പ്രേംനസീർ സിനിമ പ്രദർശനം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു. പ്രേംനസീറിന്റെ മകൻ ഷാനവാസും പ്രേംനസീറിന്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളവും മുഖ്യാതിഥികളായി. ഇന്ന് വൈകിട്ട് ആറ് മുതൽ റസ്റ്റ് ഹൗസ്, കണ്ണപ്പനുണ്ണി, പടയോട്ടം, ആരോമലുണ്ണി എന്നിവ സൗജന്യമായി പ്രദർശിപ്പിക്കുമെന്ന് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അറിയിച്ചു. ഇതോടൊപ്പം പ്രേംനസീറിന്റെ അത്യപൂർവ ചിത്രങ്ങളുടെ ഫോട്ടോ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.