നേമം: അധികൃതർ അവഗണിച്ച കച്ചേരിനടയ്ക്ക് പ്രതീക്ഷയേകി ഒ. രാജഗോപാൽ എം.എൽ.എ. കോർപറേഷൻ ഫണ്ടുപയോഗിച്ച് പുതിയ വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിക്കാൻ നടപടികൾ തുടങ്ങിയതോടെ, നേമം വില്ലേജ് ഓഫീസ് മുമ്പ് പ്രവർത്തിച്ചിരുന്ന 'കച്ചേരിനടയെ അവഗണിക്കുന്നു' എന്ന കേരളകൗമുദി വാർത്തയെ തുടർന്നാണ് എം.എൽ.എ സ്ഥലം സന്ദർശിച്ചത്. നേമം പൊലീസ് സ്റ്റേഷന് സമീപത്തെ കച്ചേരിനട കഴിഞ്ഞ ദിവസം വൈകിട്ട് എം.എൽ.എ സന്ദർശിക്കുകയായിരുന്നു.കച്ചേരി നടയിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫീസ് കരമന- പ്രാവച്ചമ്പലം റോഡ് വികസനത്തിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെട്ടതിനെ തുടർന്ന് കോർപറേഷൻ കല്യാണ മണ്ഡപത്തിന്റെ മുകളിൽ പ്രവർത്തിച്ചു വരികയാണ്. കോർപറേഷൻ കെട്ടിടത്തിൽ സൗകര്യങ്ങൾ തീരെ കുറവായതിനാൽ കല്യാണ മണ്ഡപത്തിനു മുന്നിൽ ഓഫീസിനായി സ്മാർട്ട് വില്ലേജ് പദ്ധതി പ്രകാരം പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടികൾ ആരംഭിച്ചതോടെ കച്ചേരിനടയെ എല്ലാവരും മറന്നു. കച്ചേരിനടയുടെ അറ്റകുറ്റപ്പ പണികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നു 50 ലക്ഷം രൂപ അനുവദിച്ചതിനും നടപടികളൊന്നുമായില്ല.
വെള്ളായണി ക്ഷേത്രവുമായും, വിജയദശമി ആഘോഷങ്ങളുമായി ബന്ധപ്പെട്ടും കച്ചേരിനട അറ്റകുറ്റപ്പണികൾ നടത്തി നിലനിറുത്തണമെന്ന ആവശ്യം ശക്തമായി. ആചാരങ്ങൾ നിറുത്താനായി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും ഓഫീസ് ആരംഭിക്കണമെന്ന ആവശ്യം സന്നദ്ധ സംഘടനകൾ ഉൾപ്പെടെ ഉന്നയിച്ചു. നിലവിൽ റവന്യൂ വകുപ്പിന്റെ കീഴിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന ഏതെങ്കിലും ഓഫീസ് കച്ചേരി നടയിലേക്ക് മാറ്റാനുള്ള ശ്രമം നടത്താം എന്ന് എം.എൽ.എ ഉറപ്പു നൽകി. കൗൺസിലർ എം.ആർ. ഗോപൻ, ഫ്രാൻസ് ഭാരവാഹികൾ തുടങ്ങിയവർ എം.എൽ.എയെ അനുഗമിച്ചു.