കോവളം: വിനോദസഞ്ചാരവും ജലഗതാഗതവും ലക്ഷ്യമാക്കി തുടങ്ങിയ കോവളം - ബേക്കൽ ജലപാത പദ്ധതിയുടെ ഭാഗമായുള്ള പാർവതി പുത്തനാറിനെ വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പോലും പൂർത്തിയാക്കാനാവാതെ പദ്ധതി ഇഴയുന്നു. പാർവതി പുത്തനാറിന്റെ ഭാഗങ്ങളിൽ ഉണ്ടായ കൈയേറ്റങ്ങളാണ് പദ്ധതിയുടെ ആദ്യഘട്ടം പോലും പൂർത്തിയാക്കുന്നതിന് വിലങ്ങു തടിയായി മാറിയതെന്നാണ് ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ കണ്ടെത്തൽ. കാസർകോടു നീലേശ്വരം വരെ നീളുന്ന കോവളം ദേശീയ ജലപാത എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ തടസം നിൽക്കുന്ന വലിയ ഘടകമാണ് പാർവതി പുത്തനാർ. രാജഭരണകാലത്ത് ചരക്ക് നീക്കത്തിനായി ഉണ്ടാക്കിയ പാതയാണിതെങ്കിലും കാലക്രമത്തിൽ മാലിന്യനിക്ഷേപത്താൽ ഇവിടം നശിച്ചിരിക്കുകയാണ്.
അടുത്തകാലത്ത് മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ പാർവതി പുത്തനാറിനെ ശുദ്ധീകരിക്കാൻ തുടങ്ങിയ ശ്രമങ്ങൾ തലസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങൾക്ക് നിറം പകർന്നിരുന്നു. കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന കമ്പനിയാണ് ജോലികൾ ഏറ്റെടുത്തിരിക്കുന്നത്.
പുത്തനാറിലെ പായൽ നീക്കം ചെയ്യാനുള്ള ആദ്യഘട്ടംപോലും പൂർത്തിയാക്കാനായിട്ടില്ല. മാലിന്യങ്ങൾ വന്നുചാടുന്ന സ്രോതസുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ ശുചീകരണത്തിന്റെ ഫലം കാണാനാകുന്നില്ല. ഒരാഴ്ച യന്ത്രം പ്രവർത്തിപ്പിച്ചിട്ടും പായൽമുഴുവൻ നശിപ്പിക്കാനായില്ല. ആറ്റിൻകരയിൽ അപകടകരമാംവിധം വീണുകിടന്നിരുന്ന മരങ്ങളും കാട്ടുപൊന്തകളും വെട്ടി അവിടെത്തന്നെ ഉപേക്ഷിച്ചിട്ടിരിക്കുകയാണ്. ഈ ചവറുകൾ സാമൂഹ്യവിരുദ്ധർ തിരികെ ആറ്റിലേക്ക് തള്ളുന്നതായും ആക്ഷേപമുണ്ട്. പ്ലാസ്റ്റിക് കുപ്പി മാലിന്യങ്ങളും ടൺകണക്കിന് കെട്ടിക്കിടക്കുകയാണ്. ഫാക്ടറി മാലിന്യം, വലിച്ചെറിയുന്ന ചപ്പുചവറും പ്ലാസ്റ്റിക്കും, ഡ്രെയിനേജ് മാലിന്യം എന്നിവയും വൻതോതിൽ അടിയുന്നുണ്ട്. പരിസരങ്ങളിൽ താമസിക്കുന്നവരെ ബോധവത്കരിക്കാതെ ശുചീകരണവുമായി മുന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാണ് നിർമ്മാണ കമ്പനി.
കൈയേറ്റങ്ങൾ പ്രശ്നം
കിഫ്ബിയുടെ സഹായത്തോടെയാണ് കൊല്ലം-കോവളം പാതയുടെ വികസനം നടപ്പാക്കുന്നത്. കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് മേൽനോട്ടം വഹിക്കുന്നത്. ഇതിൽ 49 ശതമാനം സർക്കാരിനും 49 ശതമാനം സിയാലിനും രണ്ടുശതമാനം സ്വകാര്യ ഏജൻസികൾക്കും പങ്കാളിത്തമുണ്ട്.
2019-ഓടെ പാതയുടെ വികസനം പൂർത്തിയാക്കാമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. കൈയേറ്റങ്ങൾ അടക്കമുള്ള നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എസ്. സുരേഷ് കുമാർ (ഇൻലാൻഡ് നാവിഗേഷൻഡയറക്ടർ)