കേരളത്തിലെ രജനി ആരാധകർക്ക് പൃഥ്വിരാജിന്റെ വക സർപ്രൈസ്. രജനികാന്തിന്റെ പൊങ്കൽ റിലീസായ പേട്ട കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് . ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ കമ്പനിയായ മാജിക് ഫ്രെയിംസുമായി സഹകരിച്ചാണ് പൃഥ്വിരാജ് പേട്ട വിതരണം ചെയ്യുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം അറിയിച്ചത്.കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പേട്ട ഏറെനാളായി രജനി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ റോളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.
പേട്ടയുടെ ട്രെയ്ലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു . നവാസുദ്ദീൻ സിദ്ദിഖി, ബോബി സിംഹ, സിമ്രാൻ, തൃഷ, മേഘാ ആകാശ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മലയാള നടൻ മണികണ്ഠൻ ആചാരിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ജനുവരി 10 ന് ചിത്രം തിയേറ്ററുകളിലെത്തും.ഫേസ് ബുക്ക് ലൈവിനിടെ ലൂസിഫറിന്റെ വിശേഷങ്ങളും പൃഥ്വിരാജ് പങ്കുവച്ചു. ''ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായി. ഇനി നാലു ദിവസത്തെ പാച്ചപ്പ് വർക്കുകൾ മാത്രമാണ് ശേഷിക്കുന്നത്. ലക്ഷദ്വീപിലാണ് ഈ രംഗങ്ങൾ ചിത്രീകരിക്കേണ്ടത്. ലക്ഷദ്വീപിലേക്ക് ഇപ്പോൾ പോകാൻ കഴിയാത്തതു കൊണ്ടാണ് ചിത്രീകരണം നീണ്ടുപോയത്. ജനുവരി മധ്യത്തോടെ അത് പൂർത്തിയാകും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഡബ്ബിംഗും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് "" പൃഥ്വി പറഞ്ഞു.