കണ്ണൂർ: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് തുടങ്ങിയ സംഘർഷത്തിന് അയവ് വന്നെങ്കിലും വടക്കൻ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സംഘർഷം തുടരുന്നു. തലശേരി എം.എൽ.എ എ.എൻ.ഷംസീർ,വി.മുരളീധരൻ എം.പി, സി.പി.എം നേതാവ് പി.ശശി എന്നിവരുടെ വീടുകൾക്ക് നേരെ ബോംബേറ് നടന്നു. നേതാക്കന്മാരുടെ വീടുകൾ ആക്രമിച്ച സംഭവങ്ങളിലെ ഉത്തരവാദികളെ ഉടൻ പിടികൂടണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പൊലീസിന് കർശന നിർദ്ദേശം നൽകി. സംസ്ഥാനത്ത് അതീവ ജാഗ്രത പാലിക്കാനും അവധിയിൽ പോയ പൊലീസുകാരെ ജോലിയിൽ പ്രവേശിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.കണ്ണൂർ ജില്ലയിൽ നിന്ന് 16 പേരെയും പത്തനംതിട്ടയിൽ നിന്ന് 110 പേരെയും കരുതൽ തടങ്കലിലെടുത്തു. ജനജീവിതം സാധാരണ നിലയിലാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി.
ഇന്നലെ അർദ്ധരാത്രിയോടെയാണ് വി. മുരളീധരൻ എം.പിയുടെ തലശ്ശേരി എരഞ്ഞോളി വാടിയിൽപീടികയിലെ തറവാട്ടു വീടിനു നേരെ ബോംബേറുണ്ടായത്. വാഹനത്തിലെത്തിയ അക്രമികൾ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. രാത്രി ഏഴോടെ ആർ.എസ്.എസ് കണ്ണൂർ വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ തലശ്ശേരി തിരുവാങ്ങാട്ടെ 'മാരുതി" എന്ന വീടിന് നേരെ ആക്രമണമുണ്ടായി. അക്രമി സംഘം ചന്ദ്രശേഖരനെയും മകൾ മീനയെയും ക്രൂരമായി മർദ്ദിച്ചു. ഇതിനു തിരിച്ചടി എന്നോണമാണ് രാത്രി പത്തിന് ഷംസീറിന്റെ വീട് ആക്രമിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് ബോംബെറിഞ്ഞത്. സംഭവ സമയം അദ്ദേഹം തലശേരിയിലെ സമാധാന യോഗത്തിലായിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.
രാത്രി 11നായിരുന്നു ബൈക്കിലെത്തിയ അക്രമി സംഘം പി. ശശിയുടെ തലശ്ശേരി കോടതിയ്ക്ക് സമീപത്തെ വീടിനു നേരെ ബോംബെറിഞ്ഞത്. സംഭവ സമയത്ത് ശശി വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തിൽ വീടിന്റെ ചില്ലുകൾ തകർന്നു. ഇരിട്ടിയിൽ നടന്ന സംഘർഷത്തിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. പരിക്കേറ്റ പെരുമ്പറമ്പിലെ വി.കെ. വിശാഖിനെ (28) കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനിടെ കണ്ണൂരിൽ അക്രമം വ്യാപിക്കുകയാണ്. കണ്ണൂർ പുതിയതെരുവിൽ ബി.ജെ.പി ഓഫീസിനു നേരെ ഒരു സംഘം പെട്രോൾ ബോംബെറിഞ്ഞു. ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഓഫീസിനു തീപിടിച്ച് ഒരാൾക്ക് പൊള്ളലേറ്റു. കാസർകോട് മഞ്ചേശ്വരത്ത് പോപ്പുലർ ഫ്രണ്ട് ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടേറ്റു. ഇരിട്ടിയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്.