bomb

മലയിൻകീഴ്: മലയിൻകീഴ് ബി.എസ്.എൻ.എല്ലിന് സമീപത്തെ സ്വകാര്യ സ്കൂൾ കോമ്പൗണ്ടിൽ നിന്ന് പൊലീസ് മൂന്ന് ബോംബുകൾ കണ്ടെടുത്തു. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ബോംബുകൾ ഇന്നലെ ഉച്ചയ്ക്ക് ബോംബ് ഡിറ്റക്‌ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് നിർവീര്യമാക്കി. 250 ഗ്രാം വീതം തൂക്കമുള്ള ബോംബുകൾ വെടിമരുന്ന്, കുപ്പിച്ചില്ല്, മെറ്റൽ ചീളുകൾ, അമോണിയം പൗഡർ എന്നിവ കൊണ്ടായിരുന്നു നിർമ്മിച്ചത്. ഉഗ്ര സ്ഫോടന ശേഷിയുള്ളതാണിതെന്നും അധികൃതർ പറഞ്ഞു.

ബോംബിന്റെ ഉറവിടത്തെ സംബന്ധിച്ച് സി.പി.എം, ബി.ജെ.പി പ്രവർത്തകർ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. അന്വേഷണത്തിൽ മാത്രമേ ബോംബുകൾ കൊണ്ടുവന്നവരെ കുറിച്ച് പറയാനാകൂവെന്ന് മലയിൻകീഴ് എസ്.ഐ സുരേഷ് കുമാർ പറഞ്ഞു.

സംഘപരിവാറിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇതിൽ സംഘപരിവാറിനും ആർ.എസ്.എസിനും പങ്കുണ്ടെന്നാണ് സി.പി.എം ആരോപണം. എന്നാൽ, ഹർത്താൽ അലങ്കോലപ്പെടുത്താൻ സി.പി.എമ്മാണ് ബോംബ് സൂക്ഷിച്ചിരുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.