ഹൈദരാബാദ്: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി.മാധവൻ നായർ രംഗത്തെത്തി. ഇരുളിന്റെ മറവിൽ യുവതികളെ ശബരിമലയിൽ എത്തിച്ചത് ഭീരുത്വമാണ്. പാതിരാത്രിയിൽ ആർക്ക് വേണമെങ്കിലും അങ്ങനെ ചെയ്യാൻ കഴിയും. സർക്കാർ സ്‌പോൺസേർഡ് പരിപാടി ഭീരുത്വമാണ്. ഹിന്ദുവിന്റെ ആചാരങ്ങളെ മാത്രം ലക്ഷ്യം വയ്‌ക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആദ്യമുണ്ടായ ചില പ്രശ്‌നങ്ങൾക്ക് ശേഷം നിലവിൽ വന്ന സമാധാന അന്തരീക്ഷം പൂർണമായും യുവതീ പ്രവേശനത്തിന് പിന്നാലെ തകർക്കപ്പെട്ടു. സിഖുകാർക്കും ക്രിസ്ത്യാനികൾക്കും അവരുടേതായ ആചാരങ്ങളുണ്ട്. അതിൽ സർക്കാരോ കോടതിയോ ഇടപെടുന്നുണ്ടോ? പിന്നെ എന്തുകൊണ്ടാണ് ഹിന്ദു വിഭാഗം മാത്രം ലക്ഷ്യകേന്ദ്രമാകുന്നതെന്നും മാധവൻ നായർ ചോദിക്കുന്നു. ഇത് രാഷ്ട്രീയ അജൻഡയാണ്. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കരുതെന്നത് അവിടുത്തെ ആചാരമാണ്. അതിൽ ഭരണഘടനയുടെ ലംഘനമുണ്ടെന്ന് തോന്നുന്നില്ല. കേരളത്തിൽ നാശം വിതച്ച പ്രളത്തിന്റെ പുനർനിർമാണത്തിൽ പ്രാമുഖ്യം നൽകേണ്ട സർക്കാർ ശബരിമല വിഷയത്തിൽ അനാവശ്യമായി സമയം പാഴാക്കുകയാണ്. പ്രളയത്തിൽ സംസ്ഥാനത്തിന് വലിയ നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. പുനരധിവാസം ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ടുപോകുന്നത്. അത്തരം കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!
അതേസമയം, ബി.ജെ.പിയിൽ അംഗമായെങ്കിലും പാർട്ടിയിലെ സംഘടനാ സംവിധാനത്തിൽ സജീവമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ബൗദ്ധികപിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.