ന്യൂഡൽഹി: യു.പിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിൽ നിന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ബഹുജൻ സമാജ് പാർട്ടി അദ്ധ്യക്ഷ മായാവതിയും പിന്മാറി. കഴിഞ്ഞ ദിവസം ഡൽഹിയിൽ ഇരുവരും നടത്തിയ ചർച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. തുടർന്ന്, ബി.എസ്.പിയും ചെറുപാർട്ടികളുമായി ചേർന്ന് സഖ്യമുണ്ടാക്കി തെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ധാരണായി.
മായാവതിക്കും, അഖിലേഷ് യാദവിനും കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന് താൽപര്യമില്ലെന്ന് ഇരുവരും ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. മദ്ധ്യപ്രദേശിൽ എസ്.പി പ്രതിനിധിക്ക് കോൺഗ്രസ് മന്ത്രിസഭയിൽ ഇടം നൽകിയില്ല. ഇതാണ് കോൺഗ്രസിനെ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിന് അഖിലേഷ് യാദവിനുള്ള എതിർപ്പിന്റെ കാരണം.
കോൺഗ്രസിനെതിരെ മത്സരിക്കുന്ന സാഹചര്യത്തിലും അമേത്തി, റായ്ബറേലി മണ്ഡലങ്ങളിൽ സഖ്യം സ്ഥാനാർത്ഥിയെ നിർത്തില്ലെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെയും മണ്ഡലങ്ങളിലാണിത്. വിശാല സഖ്യത്തിൽ ഇടമില്ലാത്തതിനാൽ കോൺഗ്രസ് തനിച്ച് മത്സരിക്കുന്നതിനാണ് സാദ്ധ്യത.ഏത് പാർട്ടികളുമായാണ് സഖ്യമെന്ന് അഖിലേഷ് യാദവും, മായാവതിയും ഈ മാസം 15 ന് ശേഷം സീറ്റ് വിഭജന ചർച്ചകളിലൂടെ തീരുമാനിക്കും.