zoo

ഭുവനേശ്വർ: ശൈത്യത്തിന്റെ കാഠിന്യം ഏറിവരുന്നത് മനുഷ്യന് പോലും സഹിക്കാൻ കഴിയാതെ വരികയാണ് പിന്നല്ലേ മൃഗങ്ങൾ. എന്നാൽ മൃഗങ്ങൾക്കും ജീവജാലങ്ങൾക്കും തണുപ്പിൽ നിന്ന് രക്ഷനേടാനായി പ്രത്യേക സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുകയാണ് ഭുവനേശ്വറിലെ നന്ദൻകണൻ മൃഗശാല അധികൃതർ.

പെരുമ്പാമ്പുകൾക്ക് തണുപ്പകറ്റാൻ നിലത്ത് വൈക്കോൽ നിലത്ത് വിരിച്ചിരിക്കുകയാണ്. രാജവെമ്പാലകളുടെ കൂട്ടിൽ ഇൻകാന്റസെന്റ് ബൾബുകൾ തെളിയിച്ച് ചൂട് നൽകുകയാണ് അധികൃതർ. ഉടുമ്പുകൾക്കായി ഹീറ്ററുകൾ തന്നെ എത്തിച്ചിട്ടുണ്ട്. കുരങ്ങു വർഗ്ഗത്തിൽ പെട്ട ചിംപാൻസികൾക്ക് പ്ലൈവുഡും ഹീറ്ററുകളും കൊണ്ട് കൂടുകളിൽ താപനില ക്രമീകരിച്ചിരിക്കുകയാണ്. ഒറാംഗ്ഉട്ടാനുകൾക്ക് കമ്പിളി പുതപ്പുകളും കൂട്ടിനുള്ളിൽ വിരിച്ചിട്ടുണ്ട്. തണുത്ത കാറ്റിൽ നിന്ന് രക്ഷനേടാനായി ചിംപാൻസികളുടെ കൂടുകളിൽ പ്രത്യേക തരത്തിൽ കെട്ടിയടക്കുകയും ചെയ്തിരിക്കുകയാണ് അധികർതർ. കൂടാതെ എല്ലാ മൃഗങ്ങൾക്കും ആഹാര ക്രമത്തിലും ചില വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട് ​- ജീവനക്കാരനായ അശോക് ദാസ് വ്യക്തമാക്കി.

തണുപ്പ് ഏറെ ബാധിക്കുന്നത് പക്ഷി വർഗ്ഗത്തിനായതിനാൽ ഇവരുടെ കൂടുകളിലും പ്രത്യേക തരത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പക്ഷികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹാർദപരമായ വലകൾ കൊണ്ട് കൂടുകൾ അടച്ചുകെട്ടി തണുപ്പിൽ നിന്ന് രക്ഷനേടാനുള്ള സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കരടി,​ സിംഹം പോലുള്ള മൃഗങ്ങൾക്ക് തണുപ്പ് അത്ര ബാധിക്കാത്തതിനാൽ ഇവരെ എപ്പോഴത്തെയും പോലെ തന്നെയാണ് പാർപ്പിച്ചിരിക്കുന്നത്. തണുപ്പ് അധികമാകുമ്പോൾ ഇവർക്ക് കൂടിനുള്ളിലേക്ക് പോകാനും സാധിക്കും. മൃഗങ്ങളുടെ സുരക്ഷക്കായി കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ജീവൻ സംരക്ഷിക്കാനായി ഇനി വേണ്ടുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്യും.- അശോക് ദാസ് വ്യക്തമാക്കി. 425 ഹെക്ടർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്ന മൃഗശാലയിൽ നിലവിൽ1,​200 വന്യമൃഗങ്ങളും,​ പക്ഷികളും ഉരഗങ്ങളുമാണുള്ളത്.