sabarimala-protest

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന് പിന്നാലെ ശബരിമല പ്രക്ഷോഭം കടുപ്പിക്കാൻ ബി.ജെ.പി തീരുമാനം. ഇതിന്റെ ഭാഗമായി ദേശീയ നേതാക്കളെ അടക്കം രംഗത്തിറക്കി ഈ മാസം 18ന് സെക്രട്ടേറിയറ്റ് വളയാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. പണിപൂർത്തിയായ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനും പിന്നാലെ ബി.ജെ.പി നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ജനുവരി 27ന് തൃശൂരിൽ യുവമോർച്ചാ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയെക്കൂടാതെ കൂടുതൽ ദേശീയ നേതാക്കളെയും പ്രമുഖരെയും രംഗത്തിറക്കാനും ബി.ജെ.പി ആലോചിക്കുന്നുണ്ട്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും കേരളത്തിലെത്തുമെന്നാണ് വിവരം.

അതേസമയം, ശബരിമലയിലെ യുവതീ പ്രവേശനത്തെ തുടർന്നുള്ള ആ‌ർ.എസ്. എസ്- സി.പി.എം സംഘർഷം കടുത്തതോടെ സംസ്ഥാനം വീണ്ടും കലാപാന്തരീക്ഷത്തിലേക്ക്. നേതാക്കന്മാരുടെയുൾപ്പെടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം വ്യാപകമായതോടെ സംസ്ഥാനത്തൊട്ടാകെ അതീവ ജാഗ്രത പുലർത്താൻ ഡി.ജി.പി ലോകനാഥ് ബെഹ്റ പൊലീസ് സേനയ്ക്ക് നിർദ്ദേശം നൽകി. കണ്ണൂരിലാണ് കൂടുതൽ സംഘർഷമുള്ളത്.

കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ സി.പി.എം പ്രവർത്തകൻ വി.കെ.വിശാഖിന് വെട്ടേറ്റു. പാപ്പിനിശ്ശേരിയിൽ ബി.ജെ.പി അഴീക്കോട് മണ്ഡലം സെക്രട്ടറി ബിജു തുത്തിയിലിന്റെ വീട് അടിച്ചുതകർത്തു. പരിയാരം ചെറുതാഴത്ത് ആർ.എസ്. എസ് കാര്യാലയത്തിന് തീയിട്ടു. ടി.വി.യും ഫർണിച്ചറുമുൾപ്പെടെയുള്ളതെല്ലാം തകർത്തു. ഇന്നലെ രാത്രി ബി.ജെ.പി നേതാവ് വി.മുരളീധരൻ എം.പി , സി.പി.എം നേതാക്കളായ എ.എൻ. ഷംസീർ എം.എൽ. എ , പി.ശശി , ആ‌ർ.എസ്. എസ് നേതാവ് ചന്ദ്രശേഖരൻ എന്നിവരുടെ വീടുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.

Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!

കണ്ണൂരിൽ 19 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ കൂടുതൽ പേരും ആർ. എസ്. എസ് പ്രവർത്തകരാണ്. കോഴിക്കാട് ജില്ലയിലെ പേരാമ്പ്രയിൽ സി.പി.എം പ്രവ‌ർത്തകർന കണ്ണിപ്പൊയിൽ രാധാകൃഷ്ണന് വെട്ടേറ്രു. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ മാത്രം 110 പേരെ അറസ്റ്ര് ചെയ്തു .76 കേസുകൾ രജിസ്റ്ര‌ർ ചെയ്തു. 204 പേരെ കരുതൽ തടങ്കൽ പ്രകാരം കസ്റ്രഡിയിലെടുത്തു. നേതാക്കന്മാരുടെ വീടുകൾക്ക് നേരെ നടന്ന ആക്രമണങ്ങളിലെ പ്രതികളെ ഉടൻ പിടികൂടാൻ പൊലീസിന് നിർദ്ദേശം നൽകി. ഹർത്താലിലുണ്ടായ അക്രമം അവസാനിക്കുന്നതിന് മുമ്പാണ് സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും അക്രമം തുടങ്ങിയത്.

നേതാക്കന്മാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെയുള്ള ആക്രമണത്തിന് ശേഷം കടകൾക്കു നേരെയും ആക്രമണം തുടങ്ങി. മലപ്പുറം ജില്ലയിലെ ചേളാരിയിൽ ബി.ജെ.പി പ്രവർത്തനായ പുരുഷോത്തമന്റെ കട ആക്രമിച്ചു. തിരുവനന്തപുരത്തെ നെടുമങ്ങാട്, വലിയമല, പത്തനം തിട്ടയിലെ അടൂർ , കൊടുമൺ എന്നീ സ്റ്രേഷനുകളുടെ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നെടുമങ്ങാട് നഗരസഭാ സ്ഥിരംസമിതി ചെയർമാനും സി.പി.എം. നേതാവുമായ പി. ഹരികേശൻ നായരുടെ വീട് ആക്രമിച്ചു.ആർ.എസ്.എസ്. നെടുമങ്ങാട് താലൂക്ക് കാര്യവാഹിന്റെ വീടിനുനേരെ ബോംബേറ് നടന്നു. . സി.പി.എം. ഖാദിബോർഡ് ബ്രാഞ്ച് സെക്രട്ടറി പ്രമോദ്, ഡി.വൈ.എഫ്.ഐ. പഴകു​റ്റി മേഖലാപ്രസിഡന്റ് വിഷ്ണു എന്നിവരുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. കൊടുമണ്ണിൽ സി.പി.എം ഏരിയാകമ്മി​റ്റി ഓഫീസ് ആക്രമിച്ചു.

സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്നായി 204 പേരെ കരുതൽ തടങ്കലിൽ ആക്കിയിട്ടുണ്ട്. പലയിടത്തും അറസ്റ്റ് തുടരുകയാണ്.