bjp

ചെറുതോണി: ഹർത്താലിനോടനുബന്ധിച്ച് ചെറുതോണിയിൽ വാഹനങ്ങൾ തടഞ്ഞ ബിജെ.പി നേതാക്കളെ കോൺഗ്രസ് ഇടുക്കി ഡി.സി.സി ജനറൽ സെക്രട്ടറി മാലയിട്ട് സ്വീകരിച്ചു. വ്യാഴാഴ്ച നടത്തിയ ഹർത്താലിനോടനുബന്ധിച്ചാണ് ചെറുതോണിയിൽ വാഹനങ്ങൾ തടഞ്ഞ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പി.എസ്. സുരേഷ്, ആർ.എസ്.എസ് കാര്യവാഹക് പ്രേംകുമാർ, സ്വാമി ദേവചൈതന്യ എന്നിവരങ്ങുന്ന 16 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. വൈകിട്ട് ആറിന് ഇവരെ വിട്ടയച്ചപ്പോൾ ചെറുതോണിയിൽ നിന്ന് നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ ജാഥയായി പൊലീസ് സ്റ്റേഷനിലെത്തി ഇവരെ സ്വീകരിക്കുകയായിരുന്നു.

ഇവരോടൊപ്പം ഡി.സി.സി ജനറൽ സെക്രട്ടറിയും ഉണ്ടായിരുന്നു. തിരികെ ജാഥയായി വീണ്ടും ചെറുതോണിയിലെത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനത്തിന് ശേഷം നടന്ന യോഗം ഉദ്ഘാടനം ചെയ്തത് ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. എം.ഡി അർജുനൻ കോൺഗ്രസിലെ ഇടുക്കിയുടെ വക്താവായാണ് അറിയപ്പെടുന്നത്. ബി.ജെ.പി പ്രവർത്തകരെ സ്വീകരിക്കാൻ ഡി.സി.സി ജനറൽ സെക്രട്ടറി പോയത് സംബന്ധിച്ച് അറിയില്ലെന്നും ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. എന്നാൽ അയ്യപ്പസേവാ സംഘത്തിന്റെ പ്രസിഡന്റ് എന്ന നിലയിലാണ് ബി.ജെ.പി പ്രവർത്തകരെ സ്വീകരിച്ചതെന്നും മറ്റ് ഇരുപത്തഞ്ചോളം അംഗങ്ങൾ എന്നോടൊപ്പമുണ്ടായിരുന്നെന്നും ഇതിൽ രാഷ്ട്രീയം ഇല്ലന്നും എം.ഡി അർജുനൻ പറഞ്ഞു. എന്നാൽ എ ഗ്രൂപ്പുകാരനായ ഡി.സി.സി സെക്രട്ടറിയ്‌ക്കെതിരെ മറ്റ് ഗ്രൂപ്പുകൾ രംഗത്ത് വന്നിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റിന് ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പറഞ്ഞു

Read more... പ്രതിഷേധക്കാരെ വെട്ടിച്ച് മലചവിട്ടിയെങ്കിലും ബിന്ദുവിനും കനകദുർഗയ്‌ക്കും അയ്യപ്പനെ ദർശിക്കാനായില്ല!